ആര്യനാട് :ആര്യനാട് സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപവുമായി ബന്ധപ്പെട്ട് സഹകാരികൾക്ക് യാതൊരു വിധ ആശങ്കയും വേണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഭരണസമിതിയംഗങ്ങൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇടപാടുകളിൽ ക്രമക്കേട് നടത്തിയ ജീവനക്കാരെ ഭരണ സമിതി സസ്പെൻഡ് ചെയ്തു. എം.ഡി.എസുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ 2019 ഡിസംബറിലാണ് ഒരു വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തത്. വകുപ്പ് തല അന്വേഷണം നടക്കവേ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പിന്നീട് ഒരു ജീവനക്കാരനെയും കൂടി സസ്പെൻഡ് ചെയ്തു. ഇവർ ബാങ്കിനുണ്ടാക്കിയ സാമ്പത്തിക നഷ്ടം ഇവരിൽ നിന്നു തന്നെ ഈടാക്കാനും ബാങ്ക് തീരുമാനിച്ചു. ഇതിനുള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടു പോകുകയാണ്. അതിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഭരണ സമിതി ഒരു സബ് കമ്മിറ്റി രൂപീകരിച്ച് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് നിയമനടപടികളും സ്വീകരിക്കും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കിനെ അപകീർത്തിപ്പെടുത്താനും താറടിച്ചു കാണിക്കാനുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. സഹകാരികളുടെ ബാങ്ക് ഇടപാടുകൾക്ക് ഒരു തടസവുമില്ലന്നും സാമ്പത്തിക ഭദ്രതയ്ക്കും പ്രശ്നങ്ങളില്ലന്നും അംഗങ്ങൾ അറിയിച്ചു. ബാങ്കിന്റെ അസൂയാവഹമായ നേട്ടങ്ങളിൽ വ്യാകുലപ്പെടുന്ന ചില തൽപ്പരകക്ഷികൾ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കും വിധം ദുഷ്പ്രചാരണം നടത്തുന്നുണ്ട്.ഓരോ ഘട്ടത്തിലും ബാങ്കിന്റെ വളർച്ചയ്ക്ക് ഒപ്പം നിന്ന സഹകാരികൾ ഒപ്പമുണ്ടാകണമെന്നും ഈ പ്രചാരണത്തിൽ വീണുപോകരുതെന്നും ബാങ്ക് പ്രസിഡന്റ് എസ്. ദീക്ഷിത് അറിയിച്ചു. ബാങ്ക് സെക്രട്ടറി എസ്. അരുൺഘോഷ്, ഭരണ സമിതി അംഗങ്ങളായ മോഹനൻനായർ, ഇ. രാധാകൃഷ്ണൻ, മറ്റ് ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.