sea

 എങ്ങുമെത്താതെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്‌നതീരമായിരുന്ന ശംഖുംമുഖത്ത് ഇപ്പോൾ രൗദ്രഭാവം പൂണ്ട ഭീതിയുടെ തിരമാലകളാണ്. സായാഹ്നങ്ങളെ മനോഹരമാക്കിയിരുന്ന നിറയെ മണൽ നിറഞ്ഞ് വിശാലമായ ആ തീരത്തിന് പഴയ പ്രതാപം നഷ്ടമായി. പദ്മനാഭസ്വാമിയുടെ ആറാട്ടുകടവായ ശംഖുംമുഖം സർവനാശത്തിന്റെ വക്കിലാണ്. വർഷങ്ങളായി തുടരുന്ന കടലേറ്റം തീരത്തിന്റെ വിസ്‌തൃതി കുറച്ചു. തീരവും കടന്നെത്തിയ തിരമാലകൾ ഇരിപ്പിടങ്ങളും നടപ്പാതകളും ഇല്ലാതാക്കി. വിശാലമായ രണ്ടുവരി റോഡിന്റെ മദ്ധ്യഭാഗവും കടന്ന് തിരകളെത്തിക്കഴിഞ്ഞു. കടലാക്രമണം തുടർന്നാൽ തീരത്തെ മനോഹരമായ കൽമണ്ഡപങ്ങളും പഴയ കൊട്ടാരക്കെട്ടുകളും ഓർമ്മയായി മാറുമെന്ന ആശങ്കയിലാണ് നഗരവാസികൾ. 2016 മുതലാണ് ഇവിടെ കടലാക്രമണം രൂക്ഷമായത്. ഓരോ വർഷവും സ്വാഭാവികമായി തീരത്ത് നിക്ഷേപിക്കുന്ന മണലിന്റെ അളവും കുറഞ്ഞു.

 വെള്ളത്തിലാകുന്ന ടൂറിസം പദ്ധതികൾ

ഓരോ വർഷവും ശംഖുംമുഖം നവീകരണ പദ്ധതികൾക്കായി ടൂറിസം വകുപ്പ് പ്ലാൻ തയ്യാറാക്കും. കോടികൾ ചെലവിട്ട് പുതിയ ഇരിപ്പിടങ്ങൾ, ഹൈമാസ്റ്റ് ലൈറ്റുകൾ, നടപ്പാത, പാർക്ക് തുടങ്ങിയവ നിർമിക്കും. നിർമാണം പൂർത്തിയായി മാസങ്ങൾക്കകം കടലാക്രമണം രൂക്ഷമായി ഇവയെല്ലാം തകരും. അടുത്ത വർഷവും ഇത് തന്നെ ആവർത്തിക്കും. കടലേറ്റത്തിന് പരിഹാരം കാണാതെ നവീകരണപ്രവർത്തനങ്ങൾ നിലനിൽക്കില്ലെന്നതാണ് സത്യം. മാസ്റ്റർപ്ലാനിൽ നിന്നു 50 മീറ്റർ അകലെമാറിയാണ് നിർമാണം നടത്താൻ തീരുമാനിച്ചിരിക്കുന്നതെങ്കിലും വർഷം തോറും കടലേറ്റം ശക്തമാകുമ്പോൾ ഇവ കൊണ്ട് പ്രയോജനമില്ലാതാകും.

 അന്തകനാകുന്ന തുറമുഖ

നിർമാണരീതികൾ

വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ശംഖുംമുഖം തീരത്തെ ഇത്തരത്തിൽ കടലെടുത്തതിന് പിന്നിലെന്ന് വിദഗ്ദ്ധരും മത്സ്യത്തൊഴിലാളികളും സംഘടനാനേതാക്കളുമൊക്കെ പലതവണ പറഞ്ഞുകഴിഞ്ഞതാണ്. ബീച്ചിന് മുന്നിലുള്ള റോഡുവരെ കടലെടുക്കുമെന്നും പറയപ്പെടുന്നു. കൽമണ്ഡപങ്ങൾ, കൊട്ടാരം, ആറാട്ടുകുളം, കാനായി കുഞ്ഞിരാമന്റെ സാഗര കന്യക ശില്പം, മനോഹരമായ പൂന്തോട്ടം, ഇരിപ്പിടം, പാത്രക്കുളം തുടങ്ങിയവ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ വേണം.

 വേണമെങ്കിൽ പരിഹാരവുമുണ്ട്

തീരത്തെ തിരിച്ചുവേണമെന്ന മനസോടെ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിച്ചാൽ കടലേറ്റം ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും. തീരത്തിന് യോജിക്കുന്ന മാതൃകകളെപ്പറ്റിയുള്ള പഠനമാണ് ആദ്യം വേണ്ടത്. തിരയടിച്ച് കേറാൻ സ്ഥലം നൽകി ഇടവിട്ടുള്ള തീരപോഷണത്തെപ്പറ്റി ആലോചിക്കണം. തീരം സംരക്ഷിക്കാതെ റോഡ് പുനർനിർമിച്ചതുകൊണ്ട് കാര്യമില്ല.

'' ഇത്രയും പ്രധാനപ്പെട്ടൊരു റോഡ് സംരക്ഷിക്കാത്തത് സർക്കാരിന്റെ പിടിപ്പുകേടാണ്. റോഡ് സംരക്ഷിച്ചില്ലെങ്കിൽ അവശേഷിക്കുന്ന ഭാഗവും തകരും. ഡിസാസ്റ്റർ മാനേജ്മെന്റും മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും സംയുക്തമായി താത്കാലിക സംരക്ഷണഭിത്തി കെട്ടി റോഡ് പുനഃസ്ഥാപിക്കണം.

- വി.എസ്. ശിവകുമാർ എം.എൽ.എ