പാലോട്: ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ പാണ്ഡിയൻപാറ വാർ‌ഡിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നന്ദിയോട് പഞ്ചായത്തിലെ രോഗബാധിതരുടെ എണ്ണം ഇതോടെ 24 ആയി. പ്രതിരോധ നടപടികളുടെ ഭാഗമായി നന്ദിയോട് ടൗൺ വാർഡ്, കളിപ്പാറ വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായി കളക്ടർ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 4 വരെ മാത്രമേ തുറക്കാവൂ. ബാക്കിയുള്ള എല്ലാ കടകളും അടച്ചിടണം. ഈ ഭാഗങ്ങളിലേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മത്സ്യക്കച്ചവടക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സ്റ്റാൻഡുകളിൽ ഒരേസമയം അഞ്ച് ആട്ടോയിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ല. അണുനശീകരണം നടത്തുന്നതുവരെ ഇവിടങ്ങളിൽ യാത്രാവിലക്ക് ഉണ്ട്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പാലോട് സി.ഐ സി.കെ. മനോജും പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാറും അറിയിച്ചു.