electricty-bill

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വൈദ്യുത ബില്ലിലെ സ്വകാര്യവത്കരണ വ്യവസ്ഥകളെ മറ്റ് സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ചെറുത്തു തോൽപ്പിക്കാൻ കേരളത്തിന്റെ നീക്കം. ഇതിനായി മറ്റ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

കേന്ദ്ര നയത്തിന്റെ കരടിൽ , ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിൽ മാത്രമാണ് കേരളത്തിന് യോജിപ്പുള്ളത്. ഇതിന്റെ മറവിൽ സ്വകാര്യ കുത്തകൾക്ക് കടന്നു കയറാനുള്ള വഴി തുറന്നിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധനയുൾപ്പെടെ നിശ്ചയിക്കുന്ന റഗുലേറ്ററി കമ്മിഷനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയെ നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്. പുതിയ കേന്ദ്ര നിയമ പ്രകാരം മൂന്നംഗ കമ്മിറ്റിയിൽ ഓരോ സംസ്ഥാന , കേന്ദ്ര പ്രതിനിധികളും സിറ്റിംഗ് ജഡ്ജിയും വേണം. ഇതോടെ കമ്മിറ്റിയിലെ മേൽക്കൈ സംസ്ഥാനത്തിന് നഷ്ടമാവും. ഭാവിയിൽ കെ.എസ്.ഇ.ബിയുടെ പ്രവർത്തനം തന്നെ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാവുമെന്നാണ് ആശങ്ക.

പാവപ്പെട്ടവർക്ക് വൈദ്യുത ബില്ലിൽ നൽകുന്ന സബ്സിഡി വൻകിടക്കാരിൽ നിന്നും ഈടാക്കുന്ന രീതിയാണ് (ക്രോസ് സബ്സിഡി)​ ഇവിടെയുള്ളത്. പുതിയ കേന്ദ്ര നിയമത്തിൽ ഇതിന് കഴിയാതെ വരും. ബില്ലിൽ എതിർപ്പുള്ള വ്യവസ്ഥകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വൈദ്യുതി വകുപ്പ് കത്തയച്ചിട്ടുണ്ട്. .

തമിഴ്നാടിനും എതിർപ്പ്

കേന്ദ്ര വൈദ്യുതി കരട് ബില്ലിനോട് വിയോജിപ്പറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. തമിഴ്നാട്ടിൽ കർഷികാവശ്യങ്ങൾക്ക് 100 യൂണിറ്റ് വൈദ്യുതി വരെ സൗജന്യമാണ്. പുതിയ നിയമം വന്നാൽ ഇത് നിലയ്ക്കും.