തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ വഞ്ചകനാണെന്നും അയാൾ ശിക്ഷിക്കപ്പെടണമെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം സെക്രട്ടേറിയറ്രിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എ.എസുകാരിൽ കഴിവുള്ളവരേറെയുണ്ട്. ദുഃസ്വഭാവമുള്ളവരും അഴിമതിക്കാരുമുണ്ട്. പലരും ധൂർത്തന്മാരും വിദേശയാത്രകൾ നടത്തുന്നവരുമാണ്. ഐ.എ.എസുകാർ പറയുന്നിടത്ത് ഒപ്പിടുന്നവരല്ല കമ്മ്യൂണിസ്റ്ര് മന്ത്രിമാർ.
വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഫ്ലാറ്ര് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ സ്വപ്നയ്ക്ക് ഒരു കോടി കൊടുത്തതിൽ ഞങ്ങളെന്തുപിഴച്ചു. ഒരു സ്വകാര്യ ഏജൻസി ആർക്കെങ്കിലും കമ്മിഷൻ കൊടുത്തെങ്കിൽ അതിന് സർക്കാർ ഉത്തരവാദിയാകുന്നതെങ്ങനെ. ശിവശങ്കറിന് സ്വപ്നയുമായുള്ള ബന്ധം അപമാനകരമാണ്. സാധാരണ മനുഷ്യൻ കാണിക്കാൻ പാടില്ലാത്ത വിശ്വാസ വഞ്ചനയും സുഖഭോഗ താത്പര്യവുമാണ് ശിവശങ്കർ കാണിച്ചത്. ലോകത്തെല്ലായിടത്തും ഭരണസംവിധാനങ്ങളുടെ മറവിൽ അധികാര ദുർവിനിയോഗം നടത്താൻ ശ്രമിക്കുന്നവരുണ്ട്. അത്തരം സ്ത്രീകളുടെ പട്ടികയിൽ സ്വപ്നയും വരും. ആ ദുർഗന്ധം ഞങ്ങൾ തുടച്ചുമാറ്രി. ഇനി ഞങ്ങൾക്ക് സുഗന്ധമേ ഉള്ളൂ. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയെ കടന്നാക്രമിക്കാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രീയ കൊവിഡ് ബാധിച്ചിരിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
രാത്രി കാലങ്ങളിലും പ്രവർത്തിക്കുന്ന ഓഫീസാണ് തന്റേതെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയ കാര്യവും മന്ത്രി പറഞ്ഞു. താൻ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ആളാണ്. പല ക്രമക്കേടുകളും കാണിച്ച രണ്ടു ജില്ലാ രജിസ്ട്രാർമാരിൽ നിന്നും 60 സബ് രജിസ്ട്രാർമാരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അഴിമതി മുതലാളിത്ത സമൂഹത്തിന്റെ ഭാഗമാണ്. അമേരിക്കയ്ക്ക് ചൈനയെ ഒന്നും ചെയ്യാൻ കഴിയില്ല. ഇന്ത്യയും ചൈനയും ചേർന്നാൽ അതൊരു വൻ ശക്തിയാവുമെന്നും സുധാകരൻ പറഞ്ഞു.