തിരുവനന്തപുരം: പാർശ്വഫലങ്ങളില്ലാതെ കാൻസർ ചികിത്സ നടത്താൻ കഴിയുന്ന ആധുനിക ഹൈ എനർജി ലിനിയർ ആക്സിലേറ്റർ റേഡിയോ തെറാപ്പി യൂണിറ്റ് ആർ.സി.സിയിൽ സ്ഥാപിച്ചു. 14.54 കോടി രൂപയാണ് ചെലവ്. വ്യത്യസ്ത ഫ്രീക്കൻസിയുള്ള എക്സ് റേയും ഇലക്ട്രോൺ രശ്മികളും കൃത്യമായി ഉപയോഗിക്കാനാകും. കാൻസർ കോശങ്ങളെ നശിപ്പിക്കുമ്പോൾ മറ്റ് കോശങ്ങൾക്ക് റേഡിയേഷൻ ഏൽക്കാതിരിക്കാനുള്ള സംവിധാനം ഇതിലുണ്ട്.
ആർ.സി.സിയിലെ ചികിത്സയിൽ മറ്റൊരു ചുവടുവയ്പാണിത്. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സോഫ്ട് വെയറിൽ തകരാറുണ്ടായാൽ വിദേശത്തിരുന്നുകൊണ്ട് പരിഹരിക്കാൻ കഴിയും. ചികിത്സ കൂടുതൽ നാൾ മുടങ്ങുന്നത് ഒഴിവാക്കാനാകും.
ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി കെ.കെ.ശൈലജ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.കൊബ്രഗെഡേ, ആർ.സി.സി ഡയറക്ടർ ഡോ.രേഖ എ. നായർ, കൗൺസിലർ എസ്.എസ്. സിന്ധു എന്നിവർ പ്രസംഗിക്കും.