തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് യഥാസമയം നടത്താനുള്ള നടപടികളുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ട്. നവംബർ 12നകമാണ് പുതിയ ഭരണസമിതികൾ നിലവിൽ വരേണ്ടത്. ഇല്ലെങ്കിൽ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകേണ്ടിവരും.
ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ ആദ്യം എന്ന കണക്കുകൂട്ടലിലാണ് കമ്മിഷന്റെ ഒരുക്കങ്ങൾ. രാഷ്ട്രീയപ്പാർട്ടികളൊന്നും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഇതുവരെയും മുന്നോട്ടുവച്ചിട്ടില്ല. സമയത്ത് തിരഞ്ഞെടുപ്പ് നടത്തുക എന്നത് ഭരണഘടനാപരമായ ബാദ്ധ്യതയാണെന്നും എന്നാൽ, എൻ.എസ്.എസും മറ്റൊരു സംഘടനയും ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടേ വോട്ടെടുപ്പിന്റെ തീയതി നിശ്ചയിക്കൂ. ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയവരുമായും കൂടിയാലോചനകൾ നടത്തും. ഇക്കാര്യത്തിൽ ആശങ്കകളൊന്നുമില്ലെന്നും കമ്മിഷണർ വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം
തദ്ദേശതിരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നതിന് തടസമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചതായും കമ്മിഷണർ പറഞ്ഞു. ആരോഗ്യവകുപ്പിലെ വിദഗ്ദ്ധരുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷമാണ് കമ്മിഷണർ മാദ്ധ്യമപ്രവർത്തകരെ കണ്ടത്. വിശദമായ മാർഗരേഖ ദിവസങ്ങൾക്കുള്ളിൽ ആരോഗ്യവകുപ്പ് തയ്യാറാക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത, അസി. ഡയറക്ടർ ഡോ. ബിജോയ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ചെലവ് കൂടും. രാഷ്ട്രീയ പാർട്ടികൾ വെർച്വലായി പ്രചാരണം നടത്തേണ്ടിവരും.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധപ്രവർത്തനങ്ങൾ ആരോഗ്യവകുപ്പുമായി ചേർന്ന് നടത്തും. ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും ബോധവത്കരണം നൽകും. വീടുകളിൽ കയറി പ്രചാരണം നടത്തുന്നത് മൂന്ന് പേരായി ചുരുക്കണം. ഉദ്യോഗസ്ഥർക്ക് ഈ മാസം തന്നെ പരിശീലനം തുടങ്ങും. മാസ്റ്റർ ട്രെയിനികൾക്ക് ഓൺലൈനിലാണ് പരിശീലനം. മറ്റ് ഉദ്യോഗസ്ഥർക്ക് ബ്ലോക്ക് തലത്തിൽ 30 പേരടങ്ങുന്ന ബാച്ചുകളായി നേരിട്ട് നടത്തും.
മട്ടന്നൂർ ഒഴിച്ചുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നവംബർ 12ന് മുമ്പായി തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഒ.ബി.സിക്ക്
കൂടുതൽ പരിഗണന: തമ്പാനൂർ രവി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒ.ബി.സി വിഭാഗങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി പറഞ്ഞു. കേരള പ്രദേശ് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി. സുഭാഷ്ചന്ദ്രബോസിന് ഇന്ദിരാഭവനിൽ അനുവദിച്ച ഓഫീസിന്റെ ചാർജെടുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്പറ നാരായണൻ, ശാസ്തമംഗലം മോഹൻ, വെഞ്ഞാറമൂട് ഷാജി, അഡ്വ. റോസ് ചന്ദ്രൻ, കെ.പി. ദുര്യോധനൻ, ആന്റണി ആൽബർട്ട്, പാളയം അബ്ദുൽ മജീദ്, എൽ. രാജ്മോഹൻ, കെ. ജയരാമൻ, ജേക്കബ് ഫെർണാണ്ടസ്, മുത്തുസ്വാമി തുടങ്ങിയവർ പങ്കെടുത്തു.