sabha-tv-

തിരുവനന്തപുരം: കേരള നിയമസഭയുടെ ടെലിവിഷൻ ചാനലായ സഭ ടി.വി ലോക്സഭാ സ്പീക്കർ ഓം ബിർള ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങളും സർക്കാരും നിയമസഭയും തമ്മിലുള്ള പാലമായി സഭ ടി.വിക്ക് മാറാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കാലത്തിനനുസരിച്ചുള്ള ടെലിവിഷൻ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് സഭാനടപടികൾ ജനങ്ങളിലെത്തിക്കാനുള്ള നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ നടപടികൾ എല്ലാ സമയവും ജനങ്ങൾ വീക്ഷിക്കുന്നത് സഭയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭ ടി.വി വൈകാതെ സമ്പൂർണ ചാനലാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സ്പീക്കറുടെ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നിയമസഭയുടെ ഡൈനാമിക് വെബ്‌സൈറ്റ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചയ്തു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഓൺലൈനായി ആശംസയർപ്പിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, സഭ ടി.വി ഉള്ളടക്ക സമിതി അദ്ധ്യക്ഷ വീണ ജോർജ് എം.എൽ.എ, മീഡിയ കൺസൾട്ടന്റ് വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പ്രതിപക്ഷം ഒഴിച്ചുള്ള കക്ഷിനേതാക്കൾ, എം.എൽ.എമാർ തുടങ്ങിയവർ ഓൺലൈനിലൂടെ പങ്കെടുത്തു. ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്വാഗതവും നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.