jail

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ, 65 വയസു കഴിഞ്ഞ തടവുകാരെ ശിക്ഷയിൽ ഇളവ് നൽകി മോചിപ്പിച്ചേക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് ജയിൽ വകുപ്പ് സംസ്ഥാന സർക്കാരിന് ഉടൻ സമർപ്പിക്കും.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജീവപര്യന്തം അനുഭവിക്കുന്നവർ ഉൾപ്പടെയുള്ളവരുടെ പട്ടിക സർക്കാരിന് കെെമാറിയേക്കും. ഇതിൽ ഗവർണറുടെ ഇടപെടൽ നിർണായകമാവും. ശിക്ഷാകാലാവധി ഇളവുചെയ്‌ത് ഏതു തടവുകാരനെയും ഗവർണർക്ക് വിട്ടയയ്ക്കാം.

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരും ജീവനക്കാരുമടക്കം 477 പേർക്ക് കൊവി‌ഡ് ബാധിച്ചു. ഇന്നലെ മാത്രം 114പേർക്ക് പോസിറ്റീവായി. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ 72കാരനായ കിളിമാനൂർ സ്വദേശി മരിച്ചു. കൊല്ലം സ്വദേശിയായ 80കാരൻ കൊവിഡ് ഐ.സി.യുവിൽ ഗുരുതരാവസ്ഥയിലാണ്. . 65വയസു കഴിഞ്ഞ, ജീവിതശെെലി രോഗങ്ങളുള്ളവർക്ക് കൊവിഡ് ബാധിച്ചാൽ സ്ഥിതി വഷളായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജയിലുകളിൽ പ്രത്യേക ബ്ലോക്കിലാണ് ചികിത്സ. രണ്ടു മെഡിക്കൽ ഓഫീസർമാരെയും മൂന്നു പാരാമെഡിക്കൽ സ്റ്റാഫിനെയും സെൻട്രൽ ജയിലിൽ പുതുതായി നിയമിച്ചിട്ടുണ്ട്.

60 കഴിഞ്ഞവർ 120 തടവുകാർ

60 കഴിഞ്ഞ 120 തടവുകാർ പൂജപ്പുര സെട്രൽ ജയിലിലുണ്ട്. ഇതിൽ ജീവപര്യന്തം ശിക്ഷ പൂർത്തിയാക്കിയവരും അനുഭവിക്കുന്നവരുമുണ്ട്.ഇതിൽ കൊവിഡ് പോസിറ്റീവായവരെ കിടത്തി ചികിത്സിക്കാൻ കട്ടിൽ പോലുമില്ലാത്ത അവസ്ഥയാണ്.. ഇവർക്ക് നൽകുന്ന ചികിത്സകൾക്കും പരിമിതിയുണ്ടെന്ന് അധിക‌ൃതരും വ്യക്തമാക്കുന്നു. വ്യാപനം ഉദ്യോഗസ്ഥരിലേക്ക് പടരുന്നത് സുരക്ഷയുടെ കാര്യത്തിലും ആശങ്കയുർത്തുന്നു.

ഒക്ടോബർ 31 വരെ

പരോൾ അനുവദിക്കും

65 കഴിഞ്ഞവർക്ക് ഓക്ടോബർ 31വരെ പരോൾ അനുവദിക്കും. ബന്ധുക്കൾ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് വരുന്നവർക്കായിരിക്കും പരോൾ . ഇതിൽ കൊവിഡ് രോഗികളും ഉൾപ്പെടും. ഇത്തരത്തിൽ സംസ്ഥാനത്ത് 65ഓളം പേർക്ക് പരോൾ ലഭിക്കുമെന്നാണ് വിവരം. പോക്സോ, ദേശവിരുദ്ധ കേസുകളിൽപ്പെട്ടവർക്ക് പരോൾ ലഭിക്കില്ല.