നെയ്യാറ്റിൻകര: ലോക്ക് ഡൗൺ കാലത്ത് പൂട്ടിയ നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിൽ ഇപ്പോഴും കായികതാരങ്ങൾക്ക് പ്രവേശനമില്ല. ലോക്ക് ഡൗൺ നിയന്ത്റണങ്ങളിൽ അയവ് വരുത്തിയിട്ട് രണ്ടു മാസമായിട്ടും നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയം ഇതുവരെ കായികതാരങ്ങൾക്കായി തുറന്നുകൊടുക്കുന്നില്ല. കായികപ്രേമികളും ഈ രംഗത്തുള്ളവരും പരിശീലനത്തിനും മറ്റും ഊടുവഴികളിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിക്കുകയാണിപ്പോൾ.
നാലു മാസത്തിലേറെയായി പൂട്ടിയിട്ട സ്റ്റേഡിയം കായികതാരങ്ങളുടെ പരിശീലനത്തിനായി തുറന്നുകൊടുക്കുമെന്ന് പലപ്രാവശ്യം നഗരസഭ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ നടപ്പാക്കിയില്ല.
സ്റ്റേഡിയം പൂട്ടിയതോടെ അൻപതു ലക്ഷം രൂപ മുടക്കി നവീകരിച്ച സ്റ്റേഡിയത്തിൽ പാഴ്‌ച്ചെടികൾ വളർന്ന് കാടുകയറി.
പാഴ്‌ച്ചെടികൾ വെട്ടിമാറ്റിയ ശേഷം സ്റ്റേഡിയം തുറന്നുകൊടുക്കുമെന്ന് അന്ന് നഗരസഭാധികൃതർ പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോൾ ഒരു മാസം പിന്നിട്ടിട്ടും സ്റ്റേഡിയം തുറന്നിട്ടില്ല.
പരിശീലനത്തിന് കായികതാരങ്ങൾ ഊടുവഴികളിലൂടെ സ്റ്റേഡിയത്തിൽ ഇപ്പോൾ കടന്നുകൂടുന്നത്.
കൊവിഡ് കാരണം മുടങ്ങിയ കായികപരിശീലനം തുടർന്നുകൊണ്ടുപോകണമെങ്കിൽ സ്റ്റേഡിയം തുറന്നാലേ പറ്റൂ. വിവിധ കായിക ഇനങ്ങളിലായി നിരവധി കായിക താരങ്ങളുടെ പരിശീലനമാണ് സ്റ്റേഡിയം പൂട്ടിയത് കാരണം തടസപ്പെടുന്നത്. സ്റ്റേഡിയത്തിന് അരികിലായി നിർമ്മിച്ച ടോയ്‌ലെറ്റ് സമുച്ചയവും നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിലേക്കും ലക്ഷങ്ങൾ ചെലവിട്ടു.