തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്, സ്വപ്നയുടെ ലോക്കർ ഇടപാടിൽ കുരുക്കൊരുക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോഴപ്പണം ഒളിപ്പിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റുമായി ചേർന്ന് സ്വപ്ന ജോയിന്റ് അക്കൗണ്ടിൽ ബാങ്ക് ലോക്കറെടുത്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമെന്ന് ഇ.ഡി ഇന്നലെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതിയെ അറിയിച്ചു.
2017ഏപ്രിലിലും 2018 ഏപ്രിലിലും ഒക്ടോബറിലും യു.എ.ഇയിലേക്കും ഒമാനിലേക്കും നടത്തിയ ഔദ്യോഗിക യാത്രകളിൽ സ്വപ്‌നയുമായി ഗൂഢാലോചന നടത്തിയ ശിവശങ്കർ, പ്രളയ സഹായത്തിന്റെ മറവിൽ കോഴ തട്ടാനുള്ള പദ്ധതിയൊരുക്കിയെന്നാണ് ആരോപണം.
ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം സ്വപ്‌നയ്ക്കൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് ബാങ്ക് ലോക്കറെടുത്തത് ശിവശങ്കറിന് കുരുക്കാവുമെന്ന് ആഗസറ്റ് രണ്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് പൂർണമായ അറിവുണ്ടായിരുന്നുവെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. സ്വർണക്കടത്തടക്കമുള്ള സ്വപ്നയുടെ ഇടപാടുകളെല്ലാം അദ്ദേഹം അറിഞ്ഞിരുന്നുവെന്ന് ഇതിലൂടെ തെളിയിക്കാനാവും. ലോക്കർ ആരൊക്കെ തുറന്നുവെന്നതിന്റെ ബാങ്ക് രേഖയും തുറക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങളും നിർണായകമാവും.
ലോക്കറിലുണ്ടായിരുന്നത് അറ്റാഷെയുടെ അറിവോടെ നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ പ്രതിഫലമാണെന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി. പിന്നീടാണ് ലൈഫ് മിഷനിലെ വീട് നിർമ്മാണത്തിന്റെ കമ്മിഷനെന്ന് പറഞ്ഞത്. ലോക്കറിലുണ്ടായിരുന്ന ആഭരണങ്ങൾ തന്റെ വിവാഹത്തിന് വീട്ടുകാർ നൽകിയതാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. വിവാഹ ചിത്രത്തിലുള്ള ആഭരണങ്ങളാണോ ലോക്കറിലുണ്ടായിരുന്നതെന്ന് അന്വേഷണസംഘം പരിശോധിക്കും. ലോക്കർ ഇടപാടിലൂടെ ശിവശങ്കറിന്റെ സ്വർണക്കടത്ത് ബന്ധത്തിന്റെ ചുരുളഴിക്കാനാണ് ശ്രമം. ദുബായിലേക്കുള്ള മറ്റ് യാത്രകളെക്കുറിച്ചും യു.എ.ഇയിലെ ഐ.ബി, റാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്വേഷിക്കുന്നുണ്ട്. 2019 ആഗസ്റ്റിലടക്കം പ്രതികളെല്ലാം ദുബായിൽ ഒത്തുകൂടിയതിന്റെ തെളിവ് ഇ.ഡിക്ക് കിട്ടിയിട്ടുണ്ട്.
ദുരൂഹതകളുടെ ലോക്കർ
എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറിൽ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വർണവും ഫെഡറൽ ബാങ്കിന്റെ ലോക്കറിൽ നിന്ന് 36.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
കാറപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അക്കൗണ്ട് ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ശാഖയിലായിരുന്നു. ബെൻസ് കാർ വാങ്ങാൻ 70ലക്ഷത്തിന്റെ വായ്പ അനുവദിച്ച ശേഷമാണ് അദ്ദേഹം മരിച്ചത്.
ബാലുവിന്റെ മാനേജരും സ്വർണക്കടത്ത് കേസ് പ്രതിയുമായ വിഷ്‌ണുസോമസുന്ദരത്തിന്റെ അക്കൗണ്ടും ഇവിടെത്തന്നെ. ഈ കേസിലെ സ്വർണക്കടത്ത് ബന്ധം സി.ബി.ഐ അന്വേഷണത്തിലാണ്.