തിരുവനന്തപുരം: "വരുമാനം നിലച്ചിട്ട് ആറു മാസം. വിശ്വസിച്ച് ചെയ്ത പണിയുടെ കൂലിക്കായി സെക്രട്ടേറിയറ്റിന്റെ പടികൾ കയറിയിറങ്ങി മടുത്തു. ഗുമസ്തൻമാർ മുതൽ എെ.എ.എസുകാർ വരെയുള്ളവരുടെ മുന്നിൽ കെഞ്ചി. ആരും കേട്ട മട്ട് കാണിച്ചില്ല".
ഹൃദയ വേദന തുറന്ന് പറയുന്നത് രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രശസ്ത വാസ്തു ശില്പിയും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയർമാനുമായ ജി.ശങ്കർ..സോഷ്യൽ മീഡിയയിൽ തന്റെ നീറുന്ന അനുഭവങ്ങൾ വിങ്ങുന്ന സ്വരത്തിൽ അദ്ദേഹം പറയുന്നു. "ഒരു ദിവസം രാവിലെ റോഡിലൂടെ നടന്നു പോകുമ്പോൾ ഒരു വീട്ടുവേലക്കാരി എതിരെ വരുന്നു. അവർ വലിയ കഷ്ടത്തിലാണ്. ജോലി ചെയ്തിരുന്ന വീടുകളിൽ നിന്നൊക്കെ പറഞ്ഞു വിട്ടു. ജീവിക്കാൻ മാർഗമില്ല. അത് കേട്ട് എന്റെ ഉള്ളൊന്ന് പൊള്ളി. ഈ അവസ്ഥയിലല്ലേ ഞാനും. ഓണം വരുന്നു. എൻെറ തൊഴിലാളികൾക്ക് എങ്ങനെ കൂലി നൽകും?..ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നാണല്ലോ മുഖ്യമന്ത്രി പറഞ്ഞത്. ആ ഫയലുകളിൽ എന്റെ ജീവിതവും ശ്വാസം മുട്ടുകയാണ്".
പള്ളിക്കൽത്തോട്ടിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻെറ പേരിലുള്ള ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം അതിമനോഹരമായി പൂർത്തിയാക്കിയപ്പോൾ അഭിമാനം തോന്നി. ഉപരാഷ്ട്രപതി സ്വർണപ്പതക്കം നൽകി ആദരിച്ചു. അത് നിർമ്മിച്ചതിന് മൂന്ന് കോടിയാണ് കിട്ടാനുള്ളത്. നാല് വർഷമായി അതിനുവേണ്ടി സെക്രട്ടേറിയറ്റ് കയറിയിറങ്ങുന്നു. കാണാത്ത മുഖങ്ങളില്ല. എല്ലാവരും ചെയ്യാമെന്ന് പറയുന്നു. പക്ഷേ, ചെയ്യുന്നില്ല. കേരള സർവകലാശാലയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെയും ദുരന്തനിവാരണ അതോറിട്ടിയുടെ ആസ്ഥാനത്തിനായി നിർമ്മിച്ച കെട്ടിടത്തിന്റെയും പണം തന്നില്ല. അട്ടപ്പാടിയിൽ ഒരു കോളേജ് പണിതതിന് കിട്ടാനുള്ളത് ഒരു കോടി. എനിക്കും എന്റെ പാവപ്പെട്ട തൊഴിലാളികൾക്കും കിട്ടേണ്ട എത്ര കോടികളാണ് ഫയലുകളിൽ ഉറങ്ങുന്നത്. പണമില്ലാതായതോടെ എന്റെ ഒരു തൊഴിലാളി ആത്മഹത്യ ചെയ്തു.രാജ്യം ആദരിച്ചവനാണെന്ന് പറഞ്ഞിട്ടെന്തുകാര്യം. മുഖം ചൂളിപ്പോകുന്നു- നിരവധി മനോഹര ശില്പങ്ങൾക്ക് ചാരുത പകർന്ന കലാകാരന്റെ വാക്കുകൾ
ഇടറുന്നു.
.