തിരുവനന്തപുരം: ഈ മാസം 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും, സഭാസമ്മേളനത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിലും കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗത്തെ വെട്ടിലാക്കാൻ പി.ജെ. ജോസഫ് വിഭാഗം കരുനീക്കം തുടങ്ങി.
പാർട്ടി നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം ബലമാക്കി ജോസ് വിഭാഗത്തെ മലർത്തിയടിക്കാമെന്ന കണക്കുകൂട്ടലിലാണ് ജോസഫ് വിഭാഗം . ജോസ് കെ.മാണി വിഭാഗത്തിന്റെ തുടർ നീക്കങ്ങളിലും ഇതോടെ ആകാംക്ഷയേറി. ജോസ് വിഭാഗം ഉന്നത നേതൃതല യോഗം ഇന്ന് ചേർന്ന് തീരുമാനമെടുക്കും. സഭയിലെ വോട്ടെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കാനവർ തീരുമാനിക്കാനിടയുണ്ട്. പാർട്ടി നിയമസഭാകക്ഷി വിപ്പ് ജോസ് വിഭാഗത്തിലെ റോഷി അഗസ്റ്റിനായതിനാൽ, ആ പദവി ഉപയോഗിച്ച് വോട്ടെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ടുള്ള വിപ്പ് തിരിച്ച് നൽകുന്നതും ആലോചിച്ചേക്കും. എന്നാൽ ഇതിനെത്ര മാത്രം നിയമ പിൻബലം കിട്ടുമെന്നത് പ്രശ്നമാണ്.
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വിപ്പ് നൽകാമെങ്കിലും അതിന് കൂറുമാറ്റ നിയമത്തിന്റെ പരിരക്ഷയില്ലെന്നത് ജോസ് വിഭാഗത്തിന് ആശ്വാസമാണ്. സഭാനടപടിക്രമങ്ങൾക്ക് പുറത്ത് നടക്കുന്ന കാര്യമായതിനാൽ കൂറുമാറ്റ നിയമ പ്രകാരം നടപടിക്ക് സ്പീക്കറോട് ആവശ്യപ്പെടാനാവില്ല. പാർട്ടി നിർദ്ദേശം ലംഘിച്ചതിന് പുറത്താക്കലടക്കമുള്ള അച്ചടക്ക നടപടികളാവാം. എന്നാൽ, സഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ പാർട്ടി വിപ്പ് ലംഘിക്കുന്ന അംഗങ്ങളെ അയോഗ്യരാക്കാനാവശ്യപ്പെട്ട് കക്ഷിനേതാവിന് സ്പീക്കറെ സമീപിക്കാം. ഇതാണ് ജോസ് വിഭാഗത്തിന് വെല്ലുവിളി.
നിയമസഭാകക്ഷി വിപ്പ് സ്ഥാനത്ത് നിന്ന് റോഷിയെ മാറ്റി മോൻസ് ജോസഫിനെ നിയമിച്ചെന്ന് പി.ജെ. ജോസഫ് അവകാശപ്പെടുന്നുണ്ടെങ്കിലും ജോസ് വിഭാഗം അതംഗീകരിച്ചിട്ടില്ല. പാർട്ടി നിയമസഭാകക്ഷിയോഗം ഇതിനായി ചേരുകയോ, തീരുമാനമെടുത്തതായി സ്പീക്കർക്ക് കത്ത് നൽകുകയോ ചെയ്തിട്ടില്ല. പക്ഷേ, നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമുള്ള ജോസഫ് വിഭാഗത്തിന് അതെപ്പോൾ വേണമെങ്കിലും തീരുമാനിക്കാവുന്നതേയുള്ളൂ.
തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ, ജോസ് വിഭാഗത്തിന്റെ നീക്കങ്ങളെ ഭരണ, പ്രതിപക്ഷ മുന്നണികൾ ഉറ്റുനോക്കുകയാണ്. ജോസ് വിഭാഗം വിട്ടുനിൽക്കാൻ തീരുമാനിച്ചാലും അത് പ്രതിപക്ഷത്തിനെതിരെ ആയുധമാക്കാൻ ഭരണപക്ഷം തയാറാകും. പ്രത്യേകിച്ച്, ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവടക്കം ആവർത്തിക്കുമ്പോൾ. പാർട്ടി ചിഹ്നത്തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം നീളുന്നതിലും ജോസ് വിഭാഗം അസ്വസ്ഥരാണ്.