തിരുവനന്തപുരം: കേരള പുനർനിർമ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റ് നൽകിയ 20 കോടിയിൽ നിന്ന് 'നയതന്ത്ര' സ്വർണക്കടത്തിലെ പ്രതിയായ സ്വപ്നയും സംഘവും കോടികൾ കമ്മിഷൻ തട്ടിയതിനെക്കുറിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. റെഡ്ക്രസന്റുമായി ലൈഫ് മിഷൻ ഒപ്പുവച്ച ധാരണാപത്രവും മുഴുവൻ സർക്കാർ രേഖകളും ഉടൻ നൽകണമെന്ന് ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസിന് ഇ.ഡി ഉദ്യോഗസ്ഥർ നോട്ടീസ് നൽകി.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഭവനസമുച്ചയം നിർമ്മിക്കാൻ സർക്കാരും യു.എ.ഇ സർക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവിൽ കോടികൾ കമ്മിഷൻ തട്ടിയതിനെക്കുറിച്ച് ഇ.ഡി അന്വേഷിക്കുമെന്ന് 15ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടും അനിൽ അക്കര എം.എൽ.എ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ധാരണാപത്രത്തിന്റെ പകർപ്പ് നൽകിയിരുന്നില്ല. ഇ.ഡി നോട്ടീസ് നൽകി ആവശ്യപ്പെട്ടതിനാൽ രേഖകൾ കൈമാറാതിരിക്കാനാവില്ല. അല്ലെങ്കിൽ ലൈഫ് മിഷൻ സി.ഇ.ഒ കുരുങ്ങും.
ഒരുകോടി രൂപ കമ്മിഷൻ നൽകിയതായി നിർമ്മാണക്കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരുന്നു. ഈ പണമാണ് തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ തന്റെ ലോക്കറുകളിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് സ്വപ്‌നയുടെ മൊഴി. 2018ൽ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശപ്രകാരം വടക്കാഞ്ചേരി പദ്ധതിക്ക് 13.5കോടിയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും അവസാനം അത് 20കോടിയായി ഉയർന്നു. ഇതിലെ ദുരൂഹതയും ഇ.ഡി അന്വേഷിക്കും.
കമ്മിഷൻ നാലുകോടി
ഒരുകോടി കമ്മിഷന്റെ വിവരങ്ങളാണ് സ്വപ്‌ന വെളിപ്പെടുത്തിയതെങ്കിലും അത് നാലുകോടി വരുമെന്നാണ് ഇ.ഡി പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമെ യു.എ.ഇ കോൺസുലേറ്റിന്റെ 20 കോടിയുടെ നിർമ്മാണക്കരാറും യൂണിടെക്കിനാണ്. ഇങ്ങനെയാണ് കമ്മിഷൻ നാലുകോടിയായത്. 3.78 കോടിയുടെ കോഴയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായിൽ ദിർഹമായി നൽകിയെന്നും വിവരമുണ്ട്. സ്വപ്നയുമായുള്ള ഇടപാടിൽ ആരോപണവിധേയനായ ഒരു പ്രമുഖന് പണം ലഭിച്ചതായും ഇ.ഡിക്ക് വിവരംകിട്ടി. ദുബായിൽ നൽകിയ പണം ഹവാലാമാർഗത്തിൽ കേരളത്തിലെത്തിച്ചിട്ടുണ്ടോയെന്നും ഇത് സ്വർണക്കടത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കും.
സന്ദീപിനും പങ്ക്
വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്കും ബന്ധമെന്നാണ് വെളിപ്പെടുത്തൽ. തനിക്ക് സന്ദീപ് മൂന്നുലക്ഷം കമ്മിഷൻ നൽകിയതായി തിരുവനന്തപുരം സ്വദേശി യദു വെളിപ്പെടുത്തി. സന്ദീപിന് ലഭിച്ച കമ്മിഷനിൽ നിന്നാണ് ഈ പണം നൽകിയത്. കെട്ടിടനിർമ്മാണ രംഗത്തുള്ള ആരെയെങ്കിലും അറിയാമോയെന്ന് സന്ദീപ് ചോദിച്ചപ്പോൾ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ താൻ പരിചയപ്പെടുത്തിയെന്നും യുണിടാക് പ്രതിനിധികൾക്കൊപ്പം രണ്ടുവട്ടം യു.എ.ഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്നും യദു പറഞ്ഞു.
ധാരണാപത്രം
മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ചാണ് റെഡ്ക്രസന്റുമായി ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസ് ധാരണാപത്രം ഒപ്പിട്ടത്. ചീഫ്സെക്രട്ടറിയായിരുന്ന ടോംജോസും എം.ശിവശങ്കറും കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുത്തു.
ലിമിറ്റഡ് ടെൻഡറിലൂടെയോ അക്രഡിറ്റഡ് ഏജൻസികളുടെ ടെൻഡറിലൂടെയോ ഭവന നിർമ്മാണം നടത്താനുള്ള തീരുമാനം അട്ടിമറിച്ചാണ് അക്രഡിറ്റഡ് ഏജൻസിയല്ലാത്ത യൂണിടെക്കിനെ നിശ്ചയിച്ചത്.
സ്വപ്നയും ശിവശങ്കറും മൂന്നുതവണ ഒരുമിച്ച് വിദേശയാത്ര
നടത്തി
ആർ. അഭിലാഷ്
കൊച്ചി : മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയും മൂന്നുതവണ ഒരുമിച്ച് വിദേശയാത്ര നടത്തിയിരുന്നെന്നും 2018 ലെ പ്രളയത്തെത്തുടർന്ന് ദുരിതാശ്വാസ സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട സംഘം യു.എ.ഇയിൽ എത്തിയപ്പോൾ ഇവരും അവിടെ എത്തിയിരുന്നെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. സ്വപ്‌ന, സന്ദീപ്,സരിത്ത് എന്നിവരെ കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം ഇന്നലെ കോടതിയിൽ തിരിച്ച് ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ശിവശങ്കറിനെ ചോദ്യംചെയ്തപ്പോഴാണ് വിദേശയാത്രയുടെ വിവരങ്ങൾ ലഭിച്ചതെന്നും ഇ.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വർണക്കടത്തിലെ സമ്പാദ്യം ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് മൂന്നാമതൊരു വ്യക്തിയുമായി ചേർന്നുള്ള ജോയിന്റ് ലോക്കറിൽ സൂക്ഷിച്ചതെന്ന് സ്വപ്‌ന മൊഴിനൽകി. ഇക്കാര്യം വിശദമായി അന്വേഷിക്കണം. മൂന്നു പ്രതികളെയും 26 വരെ റിമാൻഡ് ചെയ്തു.
യാത്ര ഇങ്ങനെ
2017 ഏപ്രിലിൽ യു.എയിലേക്ക്
2018 ഏപ്രിലിൽ ഒമാനിൽ നിന്ന് മടക്കയാത്ര
2018 ഒക്ടോബറിൽ മുഖ്യമന്ത്രിയും സംഘവും യു.എ.ഇയിൽ എത്തിയപ്പോൾ