e-pose

തിരുവനന്തപുരം: റേഷൻകടകളിലെ ഇ-പോസ് മെഷീനുകളിൽ നെറ്റ് വർക്ക് വേഗത കൂട്ടാനായി മൂവായിരം ജിയോ ഫോർജി കണക്ഷൻ എടുക്കാൻ സിവിൽ സപ്ളൈസ് ഡയറക്ടറേറ്റ് തയ്യാറാക്കിയ പദ്ധതിക്ക് ഇന്ന് സംസ്ഥാന ഭക്ഷ്യവകുപ്പ് അംഗീകാരം നൽകും.

പ്രവർത്തിക്കുന്ന 14,​222 റേഷൻ കടകളിൽ 342 കടകളിലെ ഇ- പോസ് മെഷീനുകളാണ് തീരെ മന്ദഗതിയിലുള്ളത്. ഇടുക്കി,​ വയനാട്,​ പത്തനംതിട്ട ജില്ലകളിലാണ് ഈ കടകളിലേറെയും. 2,​500 കടകളിലെ ഇ-പോസ് മെഷീനുകൾക്ക് നെറ്റ് വർക്ക് വേഗത കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് 4 ജി കണക്ഷൻ എടുക്കുന്നത്. നിലവിൽ ബി.എസ്.എൻ.എല്ലിന്റെയും ഐഡിയയുടെയും വോഡോഫോണിന്റെയും 3ജി കണക്ഷനുകളാണ് ഇ-പോസ് മെഷീനുകളിൽ ഉപയോഗിക്കുന്നത്. ഈ സേവനദാതാക്കളോട് നെറ്റ് വർക്ക് വേഗത കൂട്ടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാലാണ് ഇന്റർനെറ്റ് വേഗത കുറയുന്നതെന്ന ന്യായമാണ് കമ്പനികൾ നിരത്തുന്നത്. എന്നാൽ,​ അവധി ദിവസങ്ങളിൽപ്പോലും ബില്ലടിക്കാൻ കഴിയാറില്ലെന്ന് വ്യാപാരി സംഘടനാപ്രതിനിധികൾ സർക്കാരിനെ അറിയിച്ചു. ചില വ്യാപാരികൾ സ്വന്തമായി വാങ്ങിയ ബ്രോഡ് ബാൻഡ്, വൈഫൈ സംവിധാനം ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടുമാസമായി റേഷൻ വിതരണം നടത്തുന്നത്. സർക്കാരിന്റെ നടപടികളോട് അനുകൂലിച്ച് ഒരു വിഭാഗം സംഘടനകൾ 19ന് നടക്കുന്ന കടഅടപ്പ് സമരത്തിൽ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചിട്ടുണ്ട്.