press

തിരുവനന്തപുരം: അഞ്ചരക്കോടി രൂപ കൊടുത്ത് വാങ്ങിയ അത്യാധുനിക അച്ചടി യന്ത്രം മഷിയില്ലാത്തതിനാൽ തുരുമ്പെടുത്ത് നശിക്കുന്നു. അച്ചടി വകുപ്പിന് കീഴിലുള്ള മണ്ണന്തല പ്രസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാപിച്ച ഒാറിയന്റ് എക്സൽ വെബ് ഒാഫ്സെറ്റ് പ്രസ് മെഷീനാണ് നശിക്കുന്നത്. ലോട്ടറിയും തിരഞ്ഞെടുപ്പ് സാമഗ്രികളുമുൾപ്പെടെ സർക്കാരിന്റെ അച്ചടിജോലികൾ കുന്നുകൂടിക്കിടക്കുമ്പോഴാണ് കോടികൾ നശിക്കുന്നത്. മെഷീനിൽ ഉപയോഗിക്കുന്ന പ്രത്യേകതരം മഷി, ​പ്രിന്റിംഗിനുള്ള പ്ളേറ്റ് എന്നിവ വാങ്ങാനുള്ള ഇ ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഈ മഷി ലഭിക്കാത്തതിനാൽ മെഷീൻ പ്രവർത്തിപ്പിച്ച്പോലും നോക്കാനാവാത്ത സ്ഥിതിയാണ്. സാധാരണ ഉപയോഗിക്കാറുള്ള മഷി ഇതിൽ ഉപയോഗിക്കാനുമാകില്ല. 3 മാസം മുമ്പ് കമ്പനി പ്രതിനിധികൾ കൊണ്ടുവന്ന മഷി ഉപയോഗിച്ച് ട്രയൽ റൺ നടത്തിയിരുന്നു. മെഷീൻ സ്ഥാപിച്ച് ഒരു വർഷം കഴിയുന്നതോടെ കമ്പനിയുടെ സൗജന്യ സർവീസ് കാലാവധി തീരും. അതുകഴിഞ്ഞുള്ള അറ്റകുറ്റപ്പണികൾക്ക് അച്ചടിവകുപ്പ് പണം നൽകേണ്ടിവരും.

സാധാരണ ഇത്തരം മെഷീനുകൾ വാങ്ങുമ്പോൾ, ഒരു വർഷംകൊണ്ടു തന്നെ പരമാവധി ഉത്പാദനം നടത്തി മുടക്കുമുതൽ തിരിച്ചുപിടിക്കുകയാണ് പതിവ്.

ചോർന്നൊലിക്കുന്ന ഷെഡ്

മെഷീൻ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ട സൗകര്യങ്ങളുമില്ല. മഴ പെയ്താൽ ഷെഡ് ചോർന്നൊലിക്കും . മെഷീനു മുകളിലും വെള്ളം വീഴുന്നുണ്ട്.

ഓറിയന്റ് എക്സൽ വെബ് ഓഫ്സെറ്റ് മെഷീൻ