
തിരുവനന്തപുരം: ഗുരു പണ്ഡിറ്റ് ജസ്‌രാജിന്റെ വിയോഗ വാർത്ത കേട്ട് കൊച്ചുകുട്ടിയെപ്പോലെ തമലത്തെ 'ജസ്‌രംഗി'ലിരുന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു സംഗീതഞ്ജൻ രമേശ് നാരായൺ. ''എന്റെ ഉള്ളിന്റെ ഉള്ളിലാണദ്ദേഹം. ഗുരു, ദൈവവുമാണ്...'' വാക്കുകൾ മുഴുവിക്കാനാകാതെ വിങ്ങിപ്പോവുകയാണ് രമേശ് നാരായൺ. ഗുരുവിന്റെ ഓർമ്മയ്ക്കായാണ് വീടിന് 'ജസ്‌രംഗ്' എന്ന് പേരിട്ടത്.
''ജനുവരി 28ന് ഗുരുവിന്റെ പിറന്നാൾ ദിനത്തിൽ മുംബയിൽ വച്ചാണ് അവസാനമായി കണ്ടത്. അന്നൊരു അവാർഡ്ദാന ചടങ്ങുണ്ടായിരുന്നു. എനിക്കു പുരസ്കാരം തന്നതും ഗുരുവാണ്. കഴിഞ്ഞ രണ്ടാഴ്ചയും ഓൺലൈനിൽ സംസാരിക്കുമായിരുന്നു. സംഗീതപാഠം തന്നെയാണ് അപ്പോഴും പകർന്നുതന്നത്. രോഗങ്ങൾ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു...''
എത്രയോ വേദികളിൽ ഗുരുജിയോടൊപ്പം സഞ്ചരിച്ചതാണ് രമേശ് നാരായൺ. വീട്ടിലെ അന്തരീക്ഷം കർണാട്ടിക് സംഗീതത്തിന്റേതായിരുന്നു. കുടുംബ സുഹൃത്ത് വഴിയാണ് ഹിന്ദുസ്ഥാനി പരിചയപ്പെടുന്നത്. പിന്നീട് പൂനെയിലെത്തി. അവിടെ നടന്ന സംഗീത പരിപാടിയിൽ വച്ച് ഉസ്താദ് അല്ലാരഖയുടെ ശിഷ്യൻ സുനിലിനെ പരിചയപ്പെട്ടു. അദ്ദേഹമാണ് ജസ്‌രാജിനെ കാണാൻ പറഞ്ഞത്.
''ഒരിക്കലും മറക്കില്ല, ആ ദിവസം. ജസ്‌രാജ് ജിയെ ഫോണിൽ വിളിക്കുമ്പോൾ മനസ് വിറയ്ക്കുകയായിരുന്നു. കാണാനുളള ആഗ്രഹം പറഞ്ഞപ്പോൾ പിറ്റേന്നു വരാനാകുമോ എന്നാണ് ചോദിച്ചത്. ആ നിമിഷം പോകാൻ തയ്യാറായിരുന്നു. എത്തിച്ചേർന്നയുടൻ എന്നോടു പാടാൻ പറഞ്ഞു. ഹംസധ്വനിയും കലാവതിയുമാണ് പാടിയ രാഗങ്ങൾ. അതുകേട്ട ശേഷവും എന്നെ സ്വീകരിക്കാൻ തയ്യാറായില്ല. സുഹൃത്തായ ബാലമുരളീകൃഷ്ണയുടെ കീഴിൽ കർണാട്ടിക് പഠിക്കാൻ അവസരമുണ്ടാക്കാമെന്നാണു പറഞ്ഞത്. ഞാൻ പോയില്ല. ഒടുവിൽ, ശിഷ്യനാക്കാൻ സാധിക്കുമോ എന്നറിയില്ല എന്നു മുൻകൂർ പറഞ്ഞ്, ഒപ്പം നിൽക്കാൻ അനുവദിച്ചു. രണ്ടു വർഷം കച്ചേരികളിൽ തംബുരുവുമായി ഒപ്പം നിന്നു. അദ്ദേഹത്തിന്റെ അനുഗ്രഹമാണ് എന്റെ നേട്ടങ്ങളൊക്കെ''-രമേശ് പറഞ്ഞു.
രമേശ് നാരായണിന്റെ മക്കൾക്കും ജസ്‌രാജിന്റെ മുഖത്തുനിന്ന് സംഗീതം കേട്ടുപഠിക്കാൻ അവസരം ലഭിച്ചു. രമേശ് നാരായണിന്റെ വീടിനുള്ളിൽ ഭിത്തികളെ അലങ്കരിക്കുന്നതേറെയും ഗുരുവുമൊത്തുള്ള ഓർമ്മച്ചിത്രങ്ങളാണ്.