തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലക്കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി.വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കി രണ്ട് ഡിവൈ.എസ്.പിമാർ സി.ബി.ഐക്ക് മൊഴിനൽകി. രാജ്കുമാറിനെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നെന്നാണ് ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, അബ്ദുൾ സലാം എന്നിവരുടെ മൊഴി. നുണപരിശോധനയ്ക്ക് ഇരുവരും സന്നദ്ധതയറിയിച്ചപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഉപാധികളോടെ നുണപരിശോധനയാവാമെന്നുമാണ് എസ്.പി അറിയിച്ചത്. രാജ്കുമാറിന്റെ കസ്റ്റഡി താൻ അറിഞ്ഞിരുന്നില്ലെന്നാണ് എസ്.പിയുടെ മൊഴി. മൂവരും നുണപരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ട്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി വേണുഗോപാലിന്റെ അറിവോടെയാണെന്ന് ഒന്നാംപ്രതി എസ്.ഐ.സാബു ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സി.ബി.ഐ അന്വേഷണത്തിൽ എസ്.പി കെ.ബി. വേണുഗോപാലിന് കുരുക്ക് മുറുകുന്നതായി കേരളകൗമുദി ആഗസ്റ്റ് 12ന് റിപ്പോർട്ട് ചെയ്തിരുന്നു. എസ്.പിയെ ഓഫീസിലെത്തി കണ്ട് രാജ്കുമാറിന്റെ കസ്റ്റഡിവിവരം അറിയിച്ചെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അബ്ദുൾസലാമിന്റെ മൊഴി. ഹജ്ജിന് പോകുന്നതിന് അവധി അപേക്ഷ നൽകാനെത്തിയപ്പോഴാണ് വിവരമറിയിച്ചത്. പിതാവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി അവധിയിലായിരുന്ന അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസ് ഫോണിൽ എസ്.പിയെ വിവരമറിയിച്ചെന്നാണ് മൊഴിനൽകിയത്. അവധിയിലാണെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എസ്.പി നിർദ്ദേശിച്ചതുപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും കസ്റ്റഡിയിലെടുത്ത ദിവസം തന്നെ വിവരമറിയിച്ചെന്നുമാണ് ഇപ്പോൾ മലപ്പുറം നാർകോട്ടിക് ഡിവൈ.എസ്.പിയായ ഷംസിന്റെ മൊഴി. മൂവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കാനാണ് സി.ബി.ഐ തീരുമാനം.
നെടുങ്കണ്ടത്തെ എസ്.ഐയായിരുന്ന സാബുവടക്കം ഏഴ് പൊലീസുകാരാണ് സി.ബി.ഐ കേസിലെ പ്രതികൾ. സാക്ഷികളായ പൊലീസുകാർ കോടതിയിൽ കൂറുമാറാനിടയുള്ളതിനാൽ ശാസ്ത്രീയ, സാഹചര്യത്തെളിവുകൾ കൂട്ടിയിണക്കി വേണം സി.ബി.ഐക്ക് സത്യം തെളിയിക്കാൻ. പൊലീസ് ഉന്നതരെ രക്ഷിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
ജയിൽ അധികൃതരും കുടുങ്ങും
സ്വയം നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിൽ ജയിലിലെത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഇത് ഗുരുതര വീഴ്ചയാണെന്ന് സി.ബി.ഐ പറയുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥരും റിമാൻഡ് ചെയ്ത മജിസ്ട്രേട്ടുമടക്കം അന്വേഷണത്തിന്റെ പരിധിയിലുണ്ട്.