പത്തനംതിട്ട: ജില്ലാ കളക്ടർ പി.ബി.നൂഹിനെയും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണെയും അപമാനിച്ച് ജീവകാരുണ്യ പ്രവർത്തകനായ കെന്നഡി ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്. അന്വേഷിക്കാൻ ചെന്ന പൊലീസുകാരെ അസഭ്യം പറഞ്ഞതിന് കെന്നഡി ചാക്കോയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. .

പൊലീസിന്റെ കൃത്യനിർവഹണം തട‌സപ്പെടുത്തി, മദ്യപിച്ച് അസഭ്യം പറഞ്ഞു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിലിരുന്ന പി.പി മത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വനപാലകർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കളക്ടർക്കും പൊലീസ് ചീഫിനുമെതിരെ പോസ്റ്റിട്ടത്.

മത്തായി തന്റെ സഹാേദരനാണെന്ന് കെന്നഡി പറയുന്നു.

കളക്ടറെ പരനാറിയെന്ന് വിശേഷിപ്പിച്ച കെന്നഡി വനപാലകരെ അറസ്റ്റുചെയ്യാൻ പൊലീസ് ചീഫിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇക്കാര്യം അന്വേഷിക്കാൻ പത്തനംതിട്ട നഗരത്തിലെ വീട്ടിലെത്തിയ സ്റ്റേഷൻ ഹൗസ് ഒാഫീസർ ന്യൂമാനും സംഘത്തിനും നേരെയാണ് കെന്നഡി അസഭ്യം പറഞ്ഞത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ കളക്ടർ പരാതി നൽകിയിട്ടില്ലാത്തിനാൽ അപമാനിച്ചതിന് കേസെടുത്തിട്ടില്ല.