onlinje

തിരുവനന്തപുരം: കൊവിഡ് മറയാക്കി സർവകലാലകളിൽ ഓൺലൈൻ അഭിമുഖം നടത്തി 380 അദ്ധ്യാപകരെ തിരക്കിട്ട് നിയമിക്കാൻ നീക്കം.

ഓൺലൈൻ ഇന്റർവ്യൂ വഴി നിയമനത്തിന് സർവകലാശാലകളുടെ ചട്ടങ്ങളിൽ വ്യവസ്ഥയില്ല. വ്യക്തമായ ചട്ടങ്ങളുണ്ടാക്കാതെ ഓൺലൈൻ അഭിമുഖത്തിലൂടെ അധ്യാപക നിയമനം നടത്തരുതെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്റാലയം നിർദ്ദേശിച്ചിരുന്നു. ഇത് വകവയ്ക്കാതെയാണ് ദ്രുതഗതിയിൽ നിയമന നീക്കം . നിയമനാധികാരം സിൻഡിക്കേ​റ്റുകൾക്കാണ്.

കേരളയിൽ വിജ്ഞാപനം ചെയ്ത 110 ഒഴിവുകളിൽ 53 എണ്ണത്തിലും നിയമനങ്ങൾ നടത്തിക്കഴിഞ്ഞു. ഉയർന്ന യോഗ്യതകളുണ്ടായിരുന്ന നിരവധി ഉദ്യോഗാർഥികളെ അവഗണിച്ച് സിപിഎമ്മിന്റെ മുൻ എം.പിയുടെ ഭാര്യയ്ക്ക് ഉൾപ്പടെ കേരളയിൽ നടത്തിയ നിയമനങ്ങൾ വിവാദമായിട്ടുണ്ട്. എം.ജി യിലെ 71 ഒഴിവുകളിൽ 42, കണ്ണൂർ 22ഒഴിവുകളിൽ 6 തസ്തികൾ ഇതിനകം നികത്തി. സംവരണതത്വം അട്ടിമറിച്ചും സംവരണത്തിൽ മുൻപുണ്ടായ കുറവ് പരിഹരിക്കാതെയുമാണ് കുസാ​റ്റിലും കാലിക്ക​റ്റിലും കേരളയിലും നിയമനത്തിന് വിജ്ഞാപനമിറക്കിയത്. കൊവിഡ് കാലത്ത് ഓൺലൈനിലൂടെയുള്ള പഠനമായതിനാൽ അധ്യാപകരുടെ ജോലിഭാരം കുറവാണ്. ദ്രുതഗതിയിൽ അധ്യാപക നിയമനങ്ങൾക്കുള്ള അനിവാര്യതയില്ല. കേരളയിൽ 57, കുസാ​റ്റിൽ 104, കാലിക്കറ്റിൽ 116, കണ്ണൂരിൽ 16, സംസ്‌കൃതത്തിൽ 56, എം.ജിയിൽ 31 ഉൾപ്പടെ 380 നിയമനങ്ങൾക്ക് 80 കോടി രൂപ പ്രതിവർഷം അധികച്ചെലവുണ്ടാകും.

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് തിരക്കുപിടിച്ച് സർവ്വകലാശാലകൾ അദ്ധ്യാപകനിയമനം നടത്തുന്നതെന്ന് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി ഷാജർഖാനും പറഞ്ഞു. സ്വജനപക്ഷപാതത്തിനും ക്രമക്കേടിനും സാധ്യതയുള്ളതുകൊണ്ട് നിയമങ്ങൾ നിറുത്താൻ നിർദ്ദേശിക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി.