കഴക്കൂട്ടം: ജില്ലയിലെ കൊവിഡ് വ്യാപനം ആശങ്കയായി മാറുമ്പോഴും കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണം മുന്നോട്ടുതന്നെ. ടെക്നോപാർക്കിന്റെ പ്രവേശന കവാടം മുതൽ സി.എസ്.ഐ ആശുപത്രിക്ക് സമീപം വരെയുള്ള 2.8 കിലോമീറ്റർ ദൂരത്തിലാണ് ഹൈവേ നിർമ്മിക്കുന്നത്. ബൈപാസ് ജംഗ്ഷൻ മുതൽ എ.ജെ ആശുപത്രിവരെ 320 മീറ്ററിൽ 10 കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലിയാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. ഇനി 200 മീറ്റർ ഭാഗത്തെ ജോലികൾ മാത്രമേ ആരംഭിക്കാനുള്ളൂ. ഇപ്പോൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുൻവശത്ത് പില്ലറുകൾ നിർമ്മിക്കുന്ന ജോലിയാണ് നടക്കുന്നത്. ലോക്ക് ഡൗൺ കാരണം അന്യസംസ്ഥാനങ്ങളിൽ നിന്ന് നിർമ്മാണസാമഗ്രികൾ എത്തിക്കാൻ തടസമുണ്ടായിരുന്നു. മഴകാരണം ക്വാറികൾ അടച്ചിട്ടതിനാൽ കല്ലുകൾ, ചല്ലി അടക്കമുള്ള മെറ്റീരിയലുകൾ കിട്ടാനും വൈകി. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ ഒരു മാസം കൊണ്ട് പൈലിംഗ് ജോലികൾ പൂർത്തിയാകും.
മാറ്റത്തിനൊരുങ്ങി കഴക്കൂട്ടം
---------------------------------------------------------------------------------------
കഴക്കൂട്ടം മുക്കോല പാത ഇരട്ടിപ്പിക്കലിന്റെ നിർമ്മാണ ഉദ്ഘാടന സമയത്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുത്തെങ്കിലും നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാൽ കുറച്ചുപേർ ഭൂമി വിട്ടുകൊടുക്കാനുണ്ട്. നാട്പാക്കിന്റെ നേതൃത്വത്തിൽ നാലുവർഷം മുമ്പ് നടത്തിയ പഠനത്തിലാണ് എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആശയം ഉയർന്നത്.
ടെക്നോപാർക്ക് ഫേസ് ത്രീ മുതൽ ദേശീയപാതയിൽ
സി.എസ്.ഐ ആശുപത്രി വരെ
ദൂരം 2.8 കിലോമീറ്റർ റോഡിന്റെ വീതി - 45 മീറ്റർ
ഏപ്രിൽ 2021 ആണ് കരാർ കാലാവധി
2021 ജൂലായിൽ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷ
ആകെ 80 പില്ലറുകൾ - നിർമ്മാണം തുടങ്ങാൻ ബാക്കിയുള്ളത് - 8 പില്ലറുകൾ
തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടി
---------------------------------------------------------
ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ വന്നതോടെ ജോലിക്കാരുടെ എണ്ണം കുറവായിരുന്നു. കഴിഞ്ഞ മാസം 15 തൊഴിലാളികളെ അന്യസംസ്ഥാനങ്ങളിൽ നിന്നു വിമാന മാർഗമാണ് എത്തിച്ചത്. ഇവർ ക്വാറന്റൈൻ കാലാവധി കഴിഞ്ഞശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ആഴ്ചയും വിമാന മാർഗം തൊഴിലാളികളെ എത്തിച്ചിരുന്നു. അവർ ഇപ്പോൾ ക്വാറന്റൈനിലാണ്. 120 തൊഴിലാളികളാണ് നിർമ്മാണത്തിന് ഇപ്പോഴുള്ളത്.
സർവീസ് റോഡ് നിർമ്മാണം ഉടൻ
--------------------------------------------------------------------------
ലോക്ക് ഡൗണിനെ തുടർന്ന് നിർമ്മാണസാമഗ്രികൾ എത്തിക്കാൻ ബുദ്ധിമുട്ടിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കാരണം തൊഴിലാളികളെ എത്തിക്കാനും ബുദ്ധിമുട്ടി. മറ്റു തടസങ്ങളില്ലെങ്കിൽ 15 ദിവസത്തിനകം സർവീസ് റോഡ് പണി ആരംഭിക്കുമെന്ന് പ്രോജക്ട് വൈസ് പ്രസിഡന്റ് റിട്ട. കേണൽ എം.ആർ. നായർ പറഞ്ഞു. നിർമ്മാണം ആരംഭിച്ചാൽ ഒരു മാസം കൊണ്ട് റോഡുപണി പൂർത്തിയാക്കും.