തിരുവനന്തപുരം:ഇന്നലെ 461 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗികളുടെ എണ്ണം നാലായിരം കടന്നു.ജില്ലയിൽ ഇതുവരെ 9943 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.അതിൽ 5819 പേർ രോഗമുക്തി നേടിയെങ്കിലും 4124 പേർ ഇപ്പോഴും ചികിത്സയിലുണ്ട്.ഇന്നലെ 435 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.പാറശാല,വർക്കല എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികളുള്ളത്. പാറശാലയിൽ 25 പേർക്കും വർക്കലയിൽ 11 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ 114 പേർക്ക് കൂടി പുതുതായി രോഗം ബാധിച്ചതോടെ പൂജപ്പുര മേഖലയിൽ ഇന്നലെ മാത്രം 153 പേർക്ക് രോഗം ബാധിച്ചു. നഗരപരിധിയിൽ ഇന്നലെ മാത്രം 200പേർക്കും രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറിയ പങ്കും സമ്പർക്കം വഴിയാണ്. പൂന്തുറ,അഞ്ചുതെങ്ങ്,ബീമാപള്ളി, വള്ളക്കടവ്, വട്ടിയൂർക്കാവ്, തിരുവല്ലം, വിഴിഞ്ഞം,ഒറ്റശേഖരമംഗലം,താന്നിമൂട്, കൊഞ്ചിറ, മടവൂർ, പോത്തൻകോട്, കുറ്റിച്ചൽ, ബാലരാമപുരം, കാട്ടാക്കട എന്നിവിടങ്ങളിലും സമ്പർക്കത്തിലൂടെ രോഗികളുണ്ട്. തീരദേശത്തോടൊപ്പം നഗരത്തിലും ഗ്രാമപ്രദേശത്തും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം 15 ആരോഗ്യപ്രവർത്തകർക്കും കന്റോൺമെന്റ് എ.സി ഓഫീസിലെ ആറു പൊലീസുകാർക്കും സംസ്ഥാന മന്ത്രിമാരുടെ വസതികൾക്ക് സമീപമുള്ള കന്റോൺമെന്റ് ഗേറ്റിലെ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർക്കും ഇന്നലെ പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 270 പേർ രോഗമുക്തരായി.
നിരീക്ഷണത്തിലുള്ളവർ: 23,373
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 19,783
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 2,860
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ: 730
പുതുതായി നിരീക്ഷണത്തിലായവർ:1,945