തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.
കൊവിഡ് വ്യാപന സാഹചര്യവും ഓണത്തിരക്ക് സാദ്ധ്യതയും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇതിനായിവ്യാപാരി വ്യവസായികളുടെ യോഗം വിളിക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം. പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികളും ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു മണി വരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി 9 മണിവരെ തുറന്നു പ്രവർത്തിക്കാം.
അടഞ്ഞു കിടക്കുന്ന ഹോട്ടലുകളും റിസോർട്ടുകളും അണുമുക്തമാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാനുള്ള അനുമതി നൽകും. ഓണക്കാലത്ത് അന്യസംസ്ഥാനത്ത് നിന്ന് പൂക്കൾ വരുന്നതിനാൽ മുൻകരുതലിന് ആരോഗ്യവകുപ്പ് മാർഗനിർദ്ദേശങ്ങൾ തയാറാക്കും. കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ ജില്ലാ കളക്ടർമാർക്കും ആരോഗ്യവകുപ്പിനും നിർദ്ദേശം നൽകി.
കൊവിഡ് മുൻകരുതലുകൾ യുവജനങ്ങൾ വേണ്ടത്ര പാലിക്കുന്നില്ലെന്ന പരാതിയുണ്ട്.മാസ്കുകൾ ധരിക്കുന്നതുൾപ്പെടെ പ്രചരണം ശക്തമാക്കണം..പൂജപ്പുര സെൻട്രൽ ജയിലിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിക്കും. കൊവിഡ് ബ്രിഗേഡ് സ്പെഷ്യൽ ടീമിനെ ജയിലിൽ നിയോഗിക്കും.മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന ചില ജില്ലകളിലെ നിബന്ധന ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.