തിരുവനന്തപുരം : ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ആൾ സ്റ്റേഷനിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പൂന്തുറ പള്ളിത്തെരുവ് ടി.സി. 46/112 ൽ അൻസാരിയെ (37) ആണ് ഞായാറാഴ്ച രാത്രി 10.15 ഓടെ ഫോർട്ട് സ്‌റ്റേഷനിലെ ശിശുസൗഹൃദ കെട്ടിടത്തിലെ ടോയ്ലെറ്റിൽ ഉടുമുണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അസിസ്റ്റന്റ് കമ്മിഷണർ എം.കെ.സുൽഫിക്കറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണസംഘം ഇന്നലെ ഫോർട്ട് സ്‌റ്റേഷനിലെത്തി തെളിവെടുത്തു. അൻസാരിയുടെ പോസ്റ്റുമോർട്ടം ഫലം രണ്ട് ദിവസത്തിനുള്ളിൽ ലഭിക്കും. എന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
ഞായറാഴ്ച വൈകിട്ട് അഞ്ചോടെ കിഴക്കേകോട്ട ബസ്‌സ്റ്റാൻഡിൽ വച്ച് വെങ്ങാനൂർ സ്വദേശിയായ അയ്യപ്പൻ എന്നയാളുടെ മൊബൈൽ മോഷ്ടിക്കാൻ ശ്രമിച്ചപ്പോഴാണ് അൻസാരി പിടിയിലായതെന്ന് പൊലീസ് പറയുന്നു. അയ്യപ്പന്റെ മൊബൈൽ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഈ സമയം ഇവിടെയെത്തിയ പൊലീസ് പട്രോളിംഗ് സംഘത്തിന് പ്രതിയെ കൈമാറുകയും ചെയ്തു. തുടർന്ന് ഇയാളെ സ്‌റ്റേഷനിൽ എത്തിച്ചു. എന്നാൽ കസ്റ്റഡിയിലെടുത്ത വിവരം മൂന്ന് മണിക്കൂർ പിന്നിട്ടിട്ടും ജി.ഡി. രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇത് വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നഷ്ടപ്പെട്ട മൊബൈൽ ഫോൺ സംഭവസ്ഥലത്ത് നിന്ന് കിട്ടിയതോടെ പരാതിക്കാരൻ സ്റ്റേഷനിലെത്താതെ വീട്ടിലേക്ക് മടങ്ങിയതായും പൊലീസ് പറയുന്നു. ഇതാണ് ജി.ഡി രേഖപ്പെടുത്താൻ വൈകിയതിന് കാരണമായി പൊലീസ് പറയുന്നത്. അയ്യപ്പനെ ഇന്നലെ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതിയില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്. അൻസാരി നേരത്തെയും മോഷണം അടക്കമുള്ള കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. കൊവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വീട്ടു നൽകി. പരേതയായ അഫ്സ ബീവിയാണ് അൻസാരിയുടെ ഭാര്യ. മകൻ: അൻഹാദ്.