ration

തിരുവനന്തപുരം: ഇനി ചെറിയ കാരണങ്ങൾ പറഞ്ഞൊന്നും റേഷൻ വ്യാപാരികളുടെ സംഘടനകൾ കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്യില്ല. ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സമരം നടത്തിയാൽ പിന്നെ കട എന്നന്നേക്കുമായി പൂട്ടേണ്ടി വന്നേക്കും. അനിശ്ചിതകാല സമരമാണെങ്കിൽ ആലോചിക്കുകയേ വേണ്ട. സപ്ളൈകോയ്ക്ക് ലൈസൻസ് നൽകികൊണ്ട് സംസ്ഥാന വ്യാപകമായി റേഷൻ കടകൾ തുറക്കാൻ സിവിൽ സപ്ളൈസ് വകുപ്പ് തീരുമാനിച്ചതാണ് കാരണം. ഇത്തരത്തിലുള്ള ആദ്യ റേഷൻ കട തിരുവനന്തപുരത്ത് അടുത്തമാസം ആദ്യം ആരംഭിക്കും. നെറ്റ് വ‌ർക്കിലെ അപാകത കാരണം ഏതെങ്കിലും ചില റേഷൻ കടകളിൽ ഇ- പോസ് മെഷീന്റെ പ്രവർത്തനം മന്ദഗതിയിലായാൽ ആകെ പ്രശ്നമാണെന്ന രീതിയിൽ പ്രചരിപ്പിക്കുകയും റേഷൻ കട അടച്ചുകൊണ്ടുള്ള സമരം നടത്താൻ കടയുടമകളുടെ ചില സംഘടനകൾ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നേരത്തെ ആലോചനയിലുണ്ടായിരുന്ന പദ്ധതി പെട്ടെന്നു തന്നെ നടപ്പിലാക്കാൻ വകുപ്പ് തീരുമാനിച്ചത്. ഇ- പോസിലെ പ്രശ്നത്തെ കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് ആകെ 340 കടകളിൽ മാത്രമായിരുന്നു പ്രശ്നമുണ്ടായിരുന്നത് എന്നാണ്.


പ്രശ്നമുള്ള കടകളിൽ നെറ്റ് വർക്കിന് വേഗം കൂട്ടാൻ നടപടിയുമായി മുന്നോട്ടു പോവുകയാണ് സിവിൽ സപ്ളൈസ് ഡയറക്ടറേറ്റ്. ഇ-പോസിലെ സിമ്മിന് കവറേജ് കുറവായ സ്ഥലങ്ങളിൽ ജിയോ 4 ജി സിം നൽകാനും തീരുമാനമുണ്ട്. ഇതോടെ ഇന്ന് ചില സംഘടനകൾ പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ നിന്നും ഒരു വിഭാഗം കടയുടമകൾ പിൻവാങ്ങുകയും ചെയ്തു.

സപ്ളൈകോ റേഷൻകട ഈസി

ഇപ്പോൾ തന്നെ പോർട്ടബിലിറ്റി സംവിധാനം ഉള്ളതിനാൽ ഏത് റേഷൻകടയിൽ നിന്നും ഗുണഭോക്താവിന് റേഷൻ വാങ്ങാൻ കഴിയും. അതുകൊണ്ടു തന്നെ സപ്ളൈകോ റേഷൻ കടകൾക്ക് പ്രത്യേക ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടി വരില്ല. അനിശ്ചിതകാല കടയടപ്പ് സമരത്തിൽ പങ്കെടുത്ത് ഏതെങ്കിലും റേഷൻകടയുടമ കട അടച്ചിട്ടാൽ അവിടത്തെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തൊട്ടടുത്തുള്ള സപ്ളൈകോ റേഷകടയിലെ ഇ-പോസിലേക്ക് മാറ്റും. അവശ്യസേവന നിയമ പ്രകാരം കടയുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

കേരളം റെഡി

ഡിസംബറോടെ രാജ്യത്തെ ഒരു പൗരന് രാജ്യത്തെവിടെയുമുള്ള റേഷൻകടയിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയുന്ന പദ്ധതി നടപ്പിലാകും. ഇപ്പോൾ കേരളം ഉൾപ്പെടെ 24 സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കാൻ സജ്ജമായി കഴിഞ്ഞു. അതിനായി റേഷൻ കാർഡിൽ പേരുള്ള എല്ലാവരും ആധാർ ലിങ്ക് ചെയ്യണമെന്ന നിർദേശം കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചതിനെ തുടർന്ന് സർക്കാർ അതിന്റെ നടപടി ആരംഭിച്ചിട്ടുമുണ്ട്.

സപ്ളൈകോ ആകെ കടകൾ

നിലവിൽ 660

പുതുതായി ആരംഭിക്കുന്നത് 22

റേഷൻ കട വരുമ്പോൾ പുതിയതായി ജോലി ലഭിക്കുന്നത്- കടയൊന്നിന്- 1

ആകെ റേഷൻ കടകൾ

14,222

കാർഡുകൾ

88,​38,​029

''

ഈ സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് റേഷൻ വ്യാപാരികൾക്ക് മികച്ച വേതന പാക്കേജ് നടപ്പിലാക്കിയത്

- പി.തിലോത്തമൻ,​ ഭക്ഷ്യമന്ത്രി