d

കട്ടപ്പന: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ ആക്രമണത്തിനിരയായ യുവതിയുടെ വലതു കണ്ണിന് ഗുരുതര പരിക്ക്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ബ്യൂട്ടിപാർലർ നടത്തുന്ന വീട്ടമ്മയ്ക്കാണ് മുഖത്ത് കുത്തേറ്റത്. സംഭവത്തിൽ ചക്കുപള്ളം മാട്ടുംകൂട്ടിൽ അരുൺ കുമാറിനെ(27) റിമാൻഡ് ചെയ്തു. മുമ്പ് പലതവണ ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം അരുൺകുമാർ ബ്യൂട്ടി പാർലറിലെത്തി വീണ്ടും ശല്യപ്പെടുത്തിയപ്പോൾ പൊലീസിനെ വിളിക്കുമെന്നു യുവതി പറഞ്ഞു. തുടർന്ന് പ്രകോപിതനായ യുവാവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് മുഖത്ത് പലതവണ കുത്തുകയായിരുന്നു. വലതു കണ്ണിലും പുരികത്തിലും ഉൾപ്പെടെ മൂന്നു കുത്തുകളാണ് മുഖത്തേറ്റത്. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്നു യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത അരുൺകുമാറിനെ ഇന്നലെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.