പാറശാല :ഓണക്കാലത്ത്അടുത്തതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന ആരംഭിച്ചു. എക്‌സൈസിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി ചെക്ക് പോസ്റ്റായ അമരവിളയിൽ പരിശോധന നടത്തിയത്. ഓണക്കാലത്ത് കൊവിഡിനെ മറയാക്കി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്താൻ സാധ്യത കൂടുതലാണെന്ന് എക്‌സൈസ് അധികൃതർ പറയുന്നു. ഇതു മുൻകൂട്ടി കണ്ട് ചെക്ക്‌പോസ്റ്റിൽ 24 മണിക്കൂർ പരിശോധനയും നിരീക്ഷണവും ഉണ്ടാകും. രഹസ്യാന്വേഷണസംഘങ്ങളും വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. കൂടാതെ പൊലീസ്, റവന്യു, വനം വിഭാഗത്തിന്റെ സഹകരണത്തോടെയും പരിശോധന കർശനമാക്കുമെന്നും സൂചനയുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഓണത്തിന് മുമ്പുള്ള മാസങ്ങളിൽ വിദേശമദ്യങ്ങൾ ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ അതിർത്തി കടന്ന് എത്തിയിരുന്നു. നിരോധിത പാൻ മസാലകൾ, കഞ്ചാവ് തുടങ്ങിയയുടെ കടത്തും ഉണ്ടായിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബസ് സർവീസ് ഉൾപ്പടെ ഇല്ലാത്തത് അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ലഹരി പദാർത്ഥങ്ങളുടെ കടത്തിനെ കാര്യമായി ബാധിച്ചു. എന്നാൽ വരും ദിവസങ്ങളിൽ വ്യാജമദ്യം ഗ്രാമപ്രദേശങ്ങളിൽ വിപണം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും എക്‌സൈസ് സംഘം വിലയിരുത്തുന്നു. ഗ്രാമപ്രദേശങ്ങളിലെ വ്യാജമദ്യങ്ങൾ ഉൾപ്പടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കടത്താൻ സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള കടത്തുകൾ തടയാനാണ് അമരവിളയിൽ എക്‌സൈസ് സംഘം ശക്തമായ പരിശോധനകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ ആരംഭിക്കുമെന്ന് അമരവിള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അൻസാരി പറഞ്ഞു.