വിതുര: പൊന്മുടി - തിരുവനന്തപുരം സംസ്ഥാന പാതയിൽ തോട്ടുമുക്ക് പേരയത്തുപാറയിൽ നിന്നും ചായം ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന് ഒടുവിൽ ശാപമോക്ഷമായി. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും പത്തു ലക്ഷം രൂപ അനുവദിച്ചു. തൊളിക്കോട് പഞ്ചായത്തിലെ ചായം വാർഡിന്റെ പരിധിയിലുള്ള ഈ റോഡിന്റെ അവസ്ഥ പരമ ദയനീയമാണ്. കുഴികൾ ഇല്ലാത്ത ഒരു ഭാഗവുമില്ല. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങും. വാഹനയാത്രയും, കാൽനടയാത്രയും ദുഷ്കരമാണ്. അപകടങ്ങൾ പതിവായി മാറിയിട്ട് കാലങ്ങൾ ഏറെയായി. ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടുന്നതും പതിവാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് അനവധി സമരങ്ങൾ അരങ്ങേറിയിട്ടുണ്ട്. നിരവധി തവണ നിവേദനങ്ങളും നൽകിയിട്ടുണ്ട്.
റോഡ് ഗതാഗത യോഗ്യമായാൽ ചായം ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനും സാധിക്കും. പേരയത്തുപാറ റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരള കൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കെ.എസ്. ശബരിനാഥൻ കഴിഞ്ഞമാസം റോഡ് സന്ദർശിച്ചിരുന്നു. ഫണ്ട് ഉടൻ അനുവദിക്കാമെന്ന് നാട്ടുകാർക്ക് വാഗ്ദാനവും നൽകി.