തിരുവനന്തപുരം: ചാലക്കുടി പുഴയിലെ ജലം തമിഴ്നാടിന്റെ ആവശ്യത്തിന് ലഭ്യമാക്കുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതി കരാറിൽ
കേരളത്തിലെ പ്രളയസാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാവുന്നു. കരാർ രണ്ടു വട്ടം പുനരവലോകനം ചെയ്യേണ്ട സമയപരിധി കഴിഞ്ഞിട്ടുണ്ട്. പദ്ധതിക്കായി ചാലക്കുടിപ്പുഴയിലുള്ള ആറ് അണക്കെട്ടുകളിൽ നാലെണ്ണത്തിന്റെയും നിയന്ത്രണം തമിഴ്നാടിനാണ്. 2018ലെ പ്രളയത്തിൽ ചാലക്കുടി പട്ടണമാകെ വെള്ളത്തിലായത് ആറു ഡാമുകളും പൊടുന്നനെ നിറഞ്ഞുകവിഞ്ഞതിനെ തുടർന്നാണ്. കേരളത്തിന്റെ നിയന്ത്രണത്തിലുള്ള ലോവർ ഷാേളയാർ ഡാമിൽ തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാറിൽ നിന്ന് നീര് ഒഴുക്കി വർഷത്തിൽ ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും പൂർണ്ണജലനിരപ്പ് ഉറപ്പാക്കണമെന്ന് വ്യവസ്ഥയുണ്ട്. കേരളത്തിൽ കനത്തമഴപെയ്യുന്ന ആഗസ്റ്റ് കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് തമിഴ്നാട് അതു പാലിക്കും.അതിനായി വെള്ളം തടഞ്ഞു നിറുത്തുകയും ചെയ്യും.
ചാലക്കുടി പുഴയും പ്രളയവും
ചാലക്കുടിപ്പുഴയിൽ സാധാരണ 600- 700 ദശലക്ഷം ഘനമീറ്റർ വെള്ളം ഒഴുകും.2018 ആഗസ്റ്റ് 16ന് പൊടുന്നനെ 2900 ദശലക്ഷം ഘനമീറ്റർ വെള്ളമെത്തി.
2020 ആഗസ്റ്റ് 7ന് ജലകമ്മിഷൻ കണക്ക് പ്രകാരം ഒഴുകിയെത്തിയത് 954 ദശലക്ഷം ഘനമീറ്റർ വെള്ളം
കരാർ
തുണക്കടവിൽ നിന്ന് മല തുരന്ന് കോണ്ടൂർ കനാൽ നിർമ്മിച്ച് ജലം സർക്കാർപതി പവർഹൗസിലെത്തിച്ച് വൈദ്യുതി ഉല്പാദിപ്പിച്ച ശേഷം തിരുമൂർത്തി ഡാമിലേക്ക് ഒഴുക്കി പൊള്ളാച്ചി മേഖലയിൽ കൃഷിക്ക് വിനിയോഗിക്കുകയാണ് തമിഴ്നാട്.
1958 മുതലുള്ള മുൻകാല പ്രാബല്യത്തോടെ 1970ൽ ഒപ്പുവച്ച കരാറിൽ കേരളത്തിന്റെ താല്പര്യം ഇത്രമാത്രം: ജൂൺ മുതൽ അടുത്ത ജൂലായ് വരെയുള്ള ഒരു വർഷം കേരള ഷോളയാറിൽ 12.3 ടി.എം.സി ജലം തമിഴ്നാട് ഉറപ്പുവരുത്തണം. ചിറ്റൂർപുഴയിലേക്ക് മേഖലയിലെ നാല്പതിനായിരത്തോളം ഏക്കർ നെൽകൃഷിക്കുവേണ്ടി തമിഴ്നാട് 7.25 ടി.എം.സി ജലം വിട്ടുനൽകണം. (ഇത് മിക്കപ്പോഴും തമിഴ്നാട് പാലിക്കാറില്ല)