child

ആറുമാസം വരെ കുഞ്ഞിന്റെ ശരിയായ വളർച്ച, രോഗപ്രതിരോധശേഷി,​ ബുദ്ധിവികാസം എന്നിവയ്ക്ക് ഏറ്റവും ശ്രേഷ്ഠമായ ആഹാരം മുലപ്പാലാണ്.

മുലപ്പാൽ അല്ലാതെ വേറൊരാഹാരവും ഈ സമയത്ത് നൽകാതിരിക്കുന്നതാണ് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഏറ്റവും അഭികാമ്യം.

മുലപ്പാൽ ഒരു സമീകൃതാഹാരമാണ്. കുഞ്ഞിന്റെ ദഹന വ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതാണ്. അന്നജം, ജീവകങ്ങൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ആറു മാസത്തേക്ക് മുലപ്പാൽ മാത്രം മതി. പ്രസവശേഷം ആദ്യത്തെ 3 മുതൽ 4 ദിവസം വരം ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള കൊഴുത്ത് കട്ടിയുള്ള ആദ്യ പാലായ കൊളസ്‌ട്രത്തിൽ ധാരാളം പോഷക ഘടകങ്ങളും രോഗപ്രതിരോധ ഘടകങ്ങളും അടങ്ങിയിരിക്കുന്നു.

ആറു മാസമാസം കഴിഞ്ഞാൽ കുഞ്ഞിന് മുലപ്പാലിന് പുറമേ മറ്റ് ആഹാരങ്ങൾ കൂടി നൽകേണ്ടത് ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്‌.

ആറ് മാസം മുതൽ എന്താണ് കൊടുക്കുന്നത് എന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ആധാരശിലയാണ്.

കുഞ്ഞിന്റെ തെറ്റായ ആഹാരശീലത്തിന് ശ്വാസംമുട്ട്, ഇടയ്ക്കിടെ ഉണ്ടാകുന്ന പനി, മലബന്ധം, അമിതവണ്ണം എന്നിവ ഉണ്ടാകുന്നതിലും ഭാവിയിൽ ജീവിത ശൈലീ രോഗങ്ങൾ ഉണ്ടാകുന്നതിലും ഒരു പ്രധാന പങ്കുണ്ട്.

കുഞ്ഞുങ്ങളിലെ പ്രമേഹം, ജീവിതശൈലീ രോഗപ്പട്ടികയിലെ പ്രധാന ഇനമായി മാറുന്ന സമകാലിക സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതലായ ശ്രദ്ധ ആവശ്യമാണ്.

മുലപ്പാൽ മാത്രം കുടിച്ച് വളർന്നുകൊണ്ടിരിക്കുന്ന ആറുമാസം തികഞ്ഞ കുഞ്ഞിന് വിറ്റാമിനുകളും ഇരുമ്പും ആഹാരത്തിലൂടെ ലഭിക്കേണ്ടതുണ്ട്.

അതിനായി ആദ്യം പഴവർഗ്ഗങ്ങളാണ് കൊടുത്ത് തുടങ്ങേണ്ടത്. ഇങ്ങനെ പഴവർഗ്ഗങ്ങൾ കൊടുക്കുന്ന രീതിക്ക് ഫലപ്രാശം എന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നത്.

ഫലപ്രാശം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം,​ ഏതെങ്കിലും ഒരു ഫലം മാത്രം ഒരാഴ്ച കൊടുക്കണം എന്നതാണ്. മുലപ്പാലിൽ നിന്ന് മാറി പുറത്തുള്ള ഒരു ആഹാരം ആദ്യമായി കഴിക്കുമ്പോൾ കുഞ്ഞിന് ചിലത് ശരീരത്തിന് ഹിതകരവും ചിലത് അലർജിയുണ്ടാക്കുന്നതുമാകാൻ സാദ്ധ്യതയുണ്ട്. അത് തിരിച്ചറിയണമെങ്കിൽ ഒരാഴ്ച ഒരേ ആഹാരം തന്നെ കൊടുക്കുകയും കുഞ്ഞിലുണ്ടാകുന്ന വ്യത്യാസങ്ങൾ നിരീക്ഷിക്കുകയും വേണം.

വിവിധ ആഹാരങ്ങൾ കൂട്ടിയോജിപ്പിച്ച് നൽകിയാൽ ഇതിൽ ഏതാണ് അലർജി ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കില്ല.

ഉദാഹരണമായി ആദ്യ ഒരാഴ്ച ഓറഞ്ച് മാത്രം കൊടുക്കാം.

ആദ്യ ദിവസം ഓറഞ്ച് ഒരു അല്ലി പിഴിഞ്ഞ് തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത് നേർപ്പിച്ച് പഞ്ചസാരയോ കൽക്കണ്ടമോ ചേർത്ത് കൊടുക്കാം.

രണ്ടാം ദിവസം രണ്ട് അല്ലി, ഇങ്ങനെ ഒരാഴ്ച കൊണ്ട് അര ഓറഞ്ച് വരെ കൊടുക്കാം.

അടുത്ത ആഴ്ച ഇതുപോലെ ആപ്പിൾ തൊലി കളഞ്ഞ്, ഉടച്ച് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ കലക്കി, അരിച്ച് പഞ്ചസാരയോ, കല്ക്കണ്ടമോ ചേർത്ത് ഒരാഴ്ച കൊടുക്കാം.

കുഞ്ഞിന്റെ ദഹനശക്തി അനുസരിച്ച്, ദഹനക്കുറവുള്ള കുഞ്ഞാണെങ്കിൽ ആദ്യ ദിവസം ആപ്പിൾ വേവിച്ച് ഉടച്ച് വെള്ളത്തിൽ കലക്കി ദ്രവരൂപത്തിലാണ് കൊടുക്കേണ്ടത്. രണ്ടാം ദിവസം മുതൽ വേവിക്കാതെ കൊടുക്കാവുന്നതാണ്. വേവിക്കാതെ കൊടുക്കുന്നതും തുടക്കത്തിൽ ദ്രവരൂപത്തിൽ തന്നെ കൊടുക്കണം.

മുലപ്പാൽ മാത്രം കുടിച്ചു വന്ന കുഞ്ഞിന് പുറത്ത് നിന്ന് ആദ്യം നൽകുന്ന ആഹാരങ്ങൾ ദ്രവരൂപത്തിലുള്ളവ തന്നെ ആയിരിക്കണം.

അതിന് ശേഷം നേർത്ത കുറുക്ക് രൂപത്തിലുള്ളവ. ഇങ്ങനെ പടിപടിയായി വേണം കട്ടിയുള്ള ആഹാരം നൽകിത്തുടങ്ങാൻ.
ധാന്യങ്ങൾക്കൊപ്പം പയറു വർഗങ്ങളും നട്സ് പോലുള്ളവയും കൂട്ടിച്ചേർക്കാതിരിക്കുകയാണ് നല്ലത്.

രുചിക്കും പോഷകഗുണത്തിനും നെല്ലിക്കാനീര്

കഫക്കെട്ടുള്ളപ്പോൾ ഇത്തരം കുറുക്കുകൾ ഒഴിവാക്കുകയും വേണം.
കഫക്കെട്ട് സമയത്ത് ദഹനശക്തി കുറഞ്ഞിരിക്കുമെന്ന് പ്രത്യേകം ഓർമ്മിക്കണം. അളവിനെക്കുറിച്ച് സൂചിപ്പിക്കാനാണ് ഉദാഹരണമായി ഓറഞ്ചും ആപ്പിളും പറഞ്ഞത്.
 ഓറഞ്ച്, ആപ്പിൾ എന്നിവയേക്കാൾ അതത് സ്ഥലങ്ങളിൽ കായ്ക്കുന്ന ഫലങ്ങൾ കൊടുക്കുന്നതാണ് കൂടുതൽ അഭികാമ്യം. അതിനാൽ കേരളത്തിലെ കുഞ്ഞുങ്ങൾക്ക് ഒരാഴ്ച പഴം, ഒരാഴ്ച പപ്പായ എന്ന രീതിയിലും കൊടുക്കാവുന്നതാണ്. മാത്രമല്ല അതാത് സീസണിൽ ലഭിക്കുന്ന ഫലമാണ് കൊടുക്കേണ്ടത്.

 ഓറഞ്ചിന്റെ സീസൺ അല്ലെങ്കിൽ ഓറഞ്ച് കൊടുക്കരുത്. പുളിയുള്ള ഓറഞ്ചും കൊടുക്കരുത്.

 കീടനാശിനികളുടെ സാന്നിദ്ധ്യം കൂടുതലായി കാണുന്നതിനാൽ മുന്തിരിങ്ങ, ഉണക്കമുന്തിരിങ്ങ എന്നിവ ഈ പ്രായത്തിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

 മാങ്ങ ദഹിക്കാൻ പ്രയാസമുള്ള ഫലമായതിനാൽ ഈ പ്രായത്തിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

 അടുത്ത ഒരാഴ്ച കണ്ണൻ കായ, (കുന്നൻ കായ) കദളിക്കായ, രസകദളിക്കായ ഇവയിലേതെങ്കിലും ( ആദ്യമാദ്യം പറഞ്ഞതാണ് കൂടുതൽ അഭികാമ്യം) അരിഞ്ഞ് ഉണക്കിപ്പൊടിച്ചത് വെള്ളം ചേർത്ത് കാച്ചി കല്ക്കണ്ടമോ, പനംകല്ക്കണ്ടമോ ചേർത്ത് കുറുക്ക് രൂപത്തിൽ നൽകാവുന്നതാണ്.

 ഏത്തക്കാക്കുറുക്ക് നൽകുന്ന രീതി നമ്മുടെ നാട്ടിൽ നിലവിലുണ്ട്.

ഏറ്റവും ഗുരുത്വമുള്ള ഏത്തക്കാ കുറുക്ക് കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കുന്ന ആഹാരമല്ല.

 നല്ല ദഹനശേഷിയുള്ള കുഞ്ഞാണെങ്കിൽ മാത്രമേ ഏത്തക്കാക്കുറുക്ക് കൊടുക്കാൻ പാടുള്ളൂ. ദഹനശേഷിയുള്ള കുഞ്ഞാണെങ്കിൽ പോലും, ഏത്തക്കാപ്പൊടി പാലും ചേർത്ത് കാച്ചിക്കൊടുത്താൽ കുഞ്ഞിന് ദഹിപ്പിക്കാൻ പ്രയാസമാകും.

ഏത്തക്കാ കുറുക്ക് കൊടുക്കുമ്പോൾ കുഞ്ഞിന് മലബന്ധം ഉണ്ടാകുന്നതായി പലപ്പോഴും അമ്മമാർ പരാതി പറയാറുണ്ട്. ദഹനം നന്നായി നടക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

 പാൽ ചേർക്കാതെ കുറുക്ക് കൊടുത്തിട്ട്, പാൽ വേറൊരു സമയത്ത് നേർപ്പിച്ച് കൊടുക്കുന്നതാണ് നല്ലത്.

 കുറുക്കിന് രുചിയുണ്ടാകുന്നതിനും പോഷകഗുണം വർദ്ധിക്കുന്നതിനുമായി ഒരു ചെറിയ കഷണം നെല്ലിക്കയുടെ നീര് ചേർക്കാവുന്നതാണ്.

 ഓരോ ആഴ്ചയിലും ഓരോ തരം ഫലം വീതം കൊടുത്തു തുടങ്ങിയാൽനാല് ആഴ്ച കൊണ്ട് നാലു തരം ഫലം ശീലിപ്പിക്കാം.

 ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ കാലയളവിൽ മുലപ്പാൽ നേരത്തേ കൊടുത്തു കൊണ്ടിരുന്ന അളവിൽ തന്നെ തുടർന്ന് കൊടുക്കണം എന്നതാണ്.

 അതിന് ശേഷം ധാന്യക്കുറുക്ക് നൽകിത്തുടങ്ങാവുന്നതാണ്.

.