നീറ്റ്, ജെ.ഇ.ഇ പരീക്ഷകളെച്ചൊല്ലി ആഴ്ചകളായി നിലനിന്ന അനിശ്ചിതത്വം തിങ്കളാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ നീങ്ങിയിരിക്കുകയാണ്. സെപ്തംബർ ഒന്നു മുതൽ ആറു വരെ ജെ.ഇ.ഇ പരീക്ഷയും സെപ്തംബർ 13-ന് നീറ്റ് പരീക്ഷയും മുൻ നിശ്ചയമനുസരിച്ചു നടത്താവുന്നതാണെന്ന് കോടതി വിധിച്ചിരിക്കുകയാണ്. ജെ.ഇ.ഇ ഓൺലൈൻ വഴി നടത്തുന്നതുകൊണ്ടാണ് ആറു ദിവസം വേണ്ടിവരുന്നത്. മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്" ഒറ്റ ദിവസം കൊണ്ടു പൂർത്തിയാക്കും. വിവിധ സംസ്ഥാനങ്ങളിലായി 161 കേന്ദ്രങ്ങളിൽ വച്ചാകും മെഡിക്കൽ പ്രവേശന പരീക്ഷ. രാജ്യത്ത് ഇപ്പോഴും കൊവിഡ് മഹാമാരി രൂക്ഷനിലയിലായതിനാൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന ഈ പ്രവേശന പരീക്ഷകൾ മാറ്റിവയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികൾ കോടതിയിലെത്തിയിരുന്നു. ഇതോടൊപ്പം പരീക്ഷകൾ ഇനി മാറ്റിവയ്ക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികളും ഉണ്ടായിരുന്നു. ഇരു ഭാഗത്തെയും വിശദമായ വാദം കേട്ട ശേഷമാണ് വിഷയത്തിൽ കോടതി തീർപ്പ് കല്പിച്ചത്. ആ വിധിയാകട്ടെ തങ്ങൾ ആഗ്രഹിക്കുന്ന ഉപരിപഠനശാഖയിൽ പ്രവേശനം കാത്തുകഴിയുന്ന ലക്ഷക്കണക്കിനു കുട്ടികൾക്ക് അങ്ങേയറ്റം ആശ്വാസകരമാണ്.
കൊവിഡ് പശ്ചാത്തലത്തിൽ അതിവിപുലമായ തയ്യാറെടുപ്പുകളോടെയാകും പരീക്ഷകൾ നടക്കുകയെന്ന് കേന്ദ്ര സർക്കാർ കോടതിക്കു നൽകിയ ഉറപ്പു പാലിക്കപ്പെടുമെന്നു തന്നെ വേണം കരുതാൻ. മഹാമാരിക്കിടയിലും രാജ്യം എല്ലാ മേഖലകളിലും ചലിച്ചുകൊണ്ടിരിക്കുകയാണ്. പലവട്ടം ദീർഘിപ്പിക്കേണ്ടിവന്ന ലോക്ക് ഡൗൺ കാലത്ത് രാജ്യത്തിനും ജനങ്ങൾക്കുമുണ്ടായ കഷ്ടനഷ്ടങ്ങൾ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുൾപ്പെടെ അപൂർവം ചില മേഖലകൾ മാത്രമേ ഇനിയും തുറക്കേണ്ടതായുള്ളൂ. കുട്ടികളുടെ സുരക്ഷ പരമപ്രധാനമാകയാൽ വിദ്യാലയങ്ങളും കലാലയങ്ങളും തുറക്കാൻ ഇനിയും വൈകാനാണു സാദ്ധ്യത. പഠന സ്തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാ തലങ്ങളിലും ഓൺലൈൻ ക്ളാസുകൾ നടക്കുകയാണ്. കൊച്ചുകുട്ടികൾ പോലും ഈ പുതിയ സമ്പ്രദായവുമായി അതിവേഗം ഇണങ്ങിക്കഴിഞ്ഞു.
മെഡിക്കൽ പ്രവേശനത്തിനായുള്ള അഖിലേന്ത്യാ പരീക്ഷ സാധാരണഗതിയിൽ മേയ് മാസത്തിൽ പൂർത്തിയാക്കേണ്ടതായിരുന്നു. കൊവിഡ് കാരണം തീയതി ഒന്നിലേറെ മാറ്റിക്കുറിക്കേണ്ടിവന്നു. കൊവിഡിന്റെ സമൂഹവ്യാപനം കൂടി ഭയക്കുന്നതിനാലാണ് പരീക്ഷ നടത്തുന്നതിനെ ഒരുവിഭാഗം എതിരു നിൽക്കുന്നത്. എന്നാൽ മഹാമാരി എത്രകാലം നമുക്കൊപ്പം ഉണ്ടാകുമെന്നു നിശ്ചയമില്ലാത്ത സാഹചര്യത്തിൽ പ്രായോഗികമായ തീരുമാനമെടുക്കാനേ കഴിയൂ. തുടർന്നാണ് ആവശ്യമായ സകല മുൻകരുതലുമെടുത്ത് പരീക്ഷകൾ നടത്താനുള്ള ഉറച്ച തീരുമാനമുണ്ടായത്. രാജ്യത്തെവിടെയും ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിക്കൊണ്ടിരിക്കുന്നതായി കാണാം. സ്ഥിതിഗതികൾ ഇങ്ങനെയിരിക്കെ ഉന്നത പഠനത്തിനുള്ള പ്രവേശന വാതിലുകൾ അനിശ്ചിതമായി അടച്ചുവയ്ക്കുന്നത് നിരർത്ഥകമാണ്. പരീക്ഷാ നടത്തിപ്പിന് അനുമതി നൽകുന്ന പരമോന്നത കോടതിയുടെ തീരുമാനം അങ്ങേയറ്റം ഉചിതം തന്നെ. ഇനിയും പരീക്ഷകൾ നീട്ടിവച്ചാൽ വിദ്യാർത്ഥികളുടെ വിലപ്പെട്ട ഒരു വർഷമാകും നഷ്ടപ്പെടുക. അത്തരത്തിലൊരു സാഹചര്യം കുട്ടികൾക്കോ അവരുടെ രക്ഷാകർത്താക്കൾക്കോ താങ്ങാനാവില്ല. ഏതു പ്രതികൂല സാഹചര്യവും ദൃഢനിശ്ചയത്തോടെ നേരിടാനുള്ള കരുത്താർജ്ജിക്കുകയാണ് വേണ്ടത്. ജെ.ഇ.ഇ പരീക്ഷ ഓൺലൈനിലാകയാൽ സാമൂഹിക അകലം തുടങ്ങിയ മുൻകരുതലുകൾ ഫലപ്രദമായി ഉറപ്പുവരുത്താനാകും. നീറ്റ് പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നതിൽ വളരെയധികം ശ്രദ്ധപുലർത്തേണ്ടിവരും. സെന്ററിലും പുറത്തും കൂട്ടം കൂടുന്നത് കർക്കശമായി തടയണം. സംസ്ഥാനങ്ങൾ അതിനാവശ്യമായ ക്രമീകരണങ്ങൾ ശുഷ്കാന്തിയോടെ ചെയ്യേണ്ടിവരും. കേരളത്തിൽ എൻജിനിയറിംഗ് പ്രവേശന പരീക്ഷ നടത്തിയപ്പോഴുണ്ടായ അനുഭവം മറക്കാറായിട്ടില്ല. പരീക്ഷാ സെന്ററുകൾക്കു പുറത്തെ വൻ ആൾക്കൂട്ടം വലിയ വിവാദങ്ങൾക്കും പൊലീസ് ഇടപെടലിനുമൊക്കെ വഴിവച്ചിരുന്നു.
കൊവിഡിൽ കുടുങ്ങിപ്പോയ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ പൂർത്തിയാക്കാനുള്ള നടപടികളും എടുക്കേണ്ടതുണ്ട്. അവസാന പരീക്ഷ നടത്താതെ ബിരുദ സർട്ടിഫിക്കറ്റുകൾ നൽകരുതെന്ന യു.ജി.സി നിബന്ധനയുള്ളതിനാൽ ഏതു വിധവും പരീക്ഷ നടത്തിയേ മതിയാവൂ. സർവകലാശാലകൾ അതിനുള്ള ഷെഡ്യൂൾ തയ്യാറാക്കാൻ മുന്നോട്ടുവരണം. പരീക്ഷാ നടത്തിപ്പും ഇവിടെ രാഷ്ട്രീയ വിവാദമാകുന്നതുകൊണ്ടാണ് ഖണ്ഡിതമായ തീരുമാനത്തിലെത്താൻ സർക്കാരിനും സർവകലാശാലകൾക്കും കഴിയാതെ പോകുന്നത്. എന്നാൽ ഈ അനിശ്ചിതത്വം കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഓർക്കേണ്ടതുണ്ട്. ഉപരിപഠന സാദ്ധ്യതയെയും അതു ബാധിക്കും. സാങ്കേതിക സർവകലാശാലയും അവസാന സെമസ്റ്റർ പരീക്ഷ നടത്താനാകാതെ ഉഴലുകയാണ്. തീയതി പലതവണ കുറിച്ചെങ്കിലും എതിർപ്പുകളെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു. ഓൺലൈൻ പരീക്ഷ നടത്താമെന്നുവച്ചാൽ അതിനോടും ശക്തമായ എതിർപ്പ് നിലനിൽക്കുകയാണ്. നേരത്തെ തന്നെ വിവിധ മേഖലകളിൽ പ്ളേസ്‌മെന്റ് കരസ്ഥമാക്കി അവസാന സെമസ്റ്റർ പരീക്ഷ പൂർത്തിയാക്കാൻ കാത്തിരിക്കുന്ന അനവധി പേരുണ്ട്.
സ്കൂളുകളിൽ സാധാരണ നിലയിൽ ഓണപ്പരീക്ഷ നടക്കേണ്ട നാളുകളാണിത്. ഓൺലൈൻ പഠനത്തിലേക്കു വിദ്യാലയ വർഷം മാറിയ സാഹചര്യത്തിൽ പഠനവും പരീക്ഷയുമൊക്കെ ചടങ്ങായി മാറുമോ എന്നാണ് ആശങ്ക. അതുപോലെ ആദ്യ ടേം തീരാറായിട്ടും സിലബസ് ലഘൂകരണത്തിനുള്ള നടപടി ഇനിയുമായിട്ടില്ല. അടുത്ത ടേമിലും വിദ്യാലയങ്ങൾ തുറക്കാനുള്ള സാദ്ധ്യത ഇല്ലാതിരിക്കെ പാഠഭാഗങ്ങൾ കുറയ്ക്കേണ്ടത് അനിവാര്യമായിട്ടുണ്ട്. സി.ബി.എസ്.ഇ നേരത്തെ തന്നെ ഇതിനു നടപടിയെടുത്തിരുന്നു. സിലബസ് കുറയ്ക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആദ്യ തീരുമാനം. കൊവിഡ് സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്ന നിഗമനത്തിലാകാം ഇത്തരത്തിലൊരു നിലപാടിൽ എത്തിയത്. എന്നാൽ അടുത്തൊന്നും അനുകൂല സ്ഥിതി ഉണ്ടാകാനുള്ള സാദ്ധ്യത ഇല്ലാത്തതിനാൽ അദ്ധ്യയനവുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ആവശ്യമായിത്തീർന്നിട്ടുണ്ട്.
കൊവിഡ് അദ്ധ്യയന മേഖലകളെ മാത്രമല്ല തളർത്തിയത്. ലക്ഷക്കണക്കിനു വരുന്ന ഉദ്യോഗാർത്ഥികളും നിരാശയുടെ പടുകുഴിയിലാണ്. പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂവുമൊക്കെ മുടങ്ങിക്കിടക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരീക്ഷകളും ഇന്റർവ്യൂവും അടുത്ത മാസം മുതൽ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് പി.എസ്.സി. എന്നാൽ കൊവിഡ് സാഹചര്യത്തിൽ നിയമനങ്ങൾ വേണ്ടത്ര നടക്കാതെ അനവധി റാങ്ക് പട്ടികകൾ ഇതിനിടെ കാലഹരണപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനു യുവതീയുവാക്കളുടെ സ്വപ്നം തകർത്തുകൊണ്ടാണ് ഓരോ റാങ്ക് പട്ടികയും കാലാവധി കഴിഞ്ഞ് തിരസ്‌കൃതമാകുന്നത്. ഇതിനിടയിലും പിൻവാതിൽ നിയമനങ്ങൾ തിരുതകൃതിയായി നടക്കുന്നുമുണ്ട്. കൊവിഡിന്റെ മറവിലും അതിന് ഒരു കുറവുമില്ല.