കടയ്ക്കാവൂർ: കടയ്ക്കാവൂർ ചിറമൂല ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന റേഡിയോ കിയോസ്‌ക് ഏത് നിമിഷവും നിലം പൊത്തുമെന്ന നിലയിലായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഒരു കാലത്ത് വാർത്തകൾ അറിയാൻ പ്രദേശവാസികൾ ആശ്രയിച്ചിരുന്ന ഈ റേഡിയോ കിയോസ്‌ക് പ്രവർത്തന രഹിതമായിട്ട് വർഷങ്ങളേറെയായി. അൻപതു വർഷത്തോളം പഴക്കംചെന്ന റേഡിയോ കിയോസ്‌ക് ജീർണിച്ച അവസ്ഥയിലാണ്. ഇത് പൊളിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നതാണ് ചിറമൂല നിവാസികളുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ കിയോസ്‌ക് തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ശ്രീനാരായണ ഗുരുദേവ മന്ദിരത്തിനും ഭീഷണിയാണ്.കിയോസ്‌ക് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ അടിസ്ഥാനം പൊട്ടി ഇളകിയിരിക്കുകയാണ്. ശക്തമായ മഴയത്ത് ഏതു നിമിഷവും നിലംപൊത്തുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ.ഇതു സംബന്ധിച്ച് അധികൃതർക്ക് ഒട്ടനവധി പരാതികൾ സമർപ്പിച്ചെങ്കിലും നടപടി കൈക്കൊള്ളാൻ അധികാരികൾ തയ്യാറായില്ലെന്ന ആക്ഷേപവുമുണ്ട്.