മെഗാസ്റ്റാർ മമ്മൂട്ടി വീട്ടിൽ നിന്നും വർക്കൗട്ടിന് ശേഷം എടുത്ത പുത്തൻ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വളരെ കുറച്ച് സമയം കൊണ്ട് മമ്മൂട്ടി ചിത്രം വൈറലായതിന് പിന്നാലെ മോഹൻലാലിന്റെയും കുഞ്ചാക്കോ ബോബന്റെയുമെല്ലാം ചിത്രങ്ങളെത്തിയിരുന്നു. അവർക്കൊപ്പം മത്സരിക്കാൻ നായികമാരില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് ചലച്ചിത്ര താരവും ഗായികയുമായ റിമി ടോമിയുടെ ചിത്രങ്ങൾ പുറത്ത് വരുന്നത്. റിമിയുടെ വയസ് സംബന്ധിച്ചുള്ള കമന്റിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
69 വയസ് ആയിട്ടും യുവത്വം തുളുമ്പുന്ന ചിത്രമായിരുന്നു മമ്മൂട്ടി പുറത്ത് വിട്ടത്. അതിന് ലഭിച്ചത് പോലെയുള്ള പ്രശംസയാണ് റിമി ടോമിയുടെ പുത്തൻ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് ബോഡി ഫിറ്റ്‌നെസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി റിമി വാർത്തകളിൽ നിറഞ്ഞിരുന്നു. ദിവസവും കൃത്യമായ വർക്കൗട്ടും ഫുഡിലെ നിയന്ത്രണങ്ങളുമൊക്കെ ചെയ്ത് തടി കുറച്ചായിരുന്നു റിമി ടോമി കൂടുതൽ സുന്ദരിയായത്. അതിന്റെ രഹസ്യങ്ങളും റിമി ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോൾ താരരാജാക്കന്മാരുടെ ഫോട്ടോസ് വൈറലായതിന് പിന്നാലെയാണ് റിമിയെ കുറിച്ചും അഭിപ്രായങ്ങളുമായി ആരാധകരെത്തിയത്. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച ചിത്രത്തിൽ മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം നിൽക്കുന്നത്. സഹപ്രവർത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വർണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തിൽ "നാൽപ്പത്തിയഞ്ചാം വയസിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ" എന്നൊരാൾ കമന്റിട്ടിരുന്നു.
അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. "45 അല്ല അൻപത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ...", എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് മറുപടി നൽകിയിരിക്കുന്നത്. ഇയാൾക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവർക്കും താരം മറുപടി നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്താണ് ഇൻസ്റ്റാഗ്രാമിലെ കമന്റ് ബോക്സ് റിമി തുറന്നത്. മാത്രമല്ല കമന്റുമായി എത്തുന്നവർക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്. ഇപ്പോൾ റിമിയുടെ വയസിനെ കുറിച്ച് ചർച്ച വന്നെങ്കിലും സെപ്റ്റംബർ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ റിപ്പോർട്ട് പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല റിമി ടോമി ഇപ്പോഴൊരു ബ്ലോഗർ കൂടിയാണ്. ലോക്ഡൗൺ നാളുകളിൽ ആരംഭിച്ച യൂട്യൂബ് ചാനലിന് വലിയ സപ്പോർട്ടായിരുന്നു ലഭിച്ചത്. പാചക പരീക്ഷണങ്ങളും തടി കുറയ്ക്കുന്നതിന് വേണ്ടിയുള്ള വർക്കൗട്ടുകളെ കുറിച്ചുമൊക്കെ യൂട്യൂബിലൂടെ പങ്കുവയ്ക്കുന്ന വീഡിയോയിൽ വ്യക്തമാക്കാറുണ്ട്.