നെയ്യാറ്റിൻകര: കൊല്ലയിൽ പഞ്ചായത്തിന്റെ പെരുംമ്പോട്ടുക്കോണം വാർഡിൽ പുതിയതായി പണി കഴിപ്പിച്ച ഗ്രന്ഥശാല മന്ദിരം ഉദ്ഘാടനത്തിന് മുൻപേ തകർന്നു. അമ്പലം പൗരസമിതി ഗ്രന്ഥശാല കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. രണ്ടാം തവണയാണ് ഈ കെട്ടിടം പണിപൂർത്തികരിച്ചതിന് ശേഷം തകരുന്നത്. 14, 11, 671 രൂപയാണ് കരാർ തുക. ഇത് കൂടാതെ നാട്ടുകാരിൽ നിന്നും ഗ്രന്ഥശാല മന്ദിരനിർമ്മാണത്തിനായി പിരിവ് നടത്തിയതായി നാട്ടുകാർ പറയുന്നു. കെട്ടിടത്തിന്റെ അടിത്തറയ്ക്ക് വിള്ളൽ സംഭവിക്കുകയും ഒരു വശത്തെ ചുമരും വാതിൽ ഭിത്തിയും അടക്കമാണ് തകർന്നത്. സൺഷെയ്ഡ് ചുവരിൽ നിന്നും വേർപ്പെട്ട് നിൽക്കുന്നതിനാൽ കമ്പ് കൊണ്ട് താങ്ങി നിറുത്തിയിരിക്കുകയാണ്. ചുറ്റുമതിൽ പലയിടത്തും ദ്രവിച്ച് കീറിയ നിലയിലുമാണ്. കെട്ടിട നിർമ്മാണത്തെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.