തിരുവനന്തപുരം: കൊവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പഴയ പടിയാവാൻ നവംബർ കഴിയും.
ഓണം കഴിയുന്നതോടെ രോഗികളുടെ എണ്ണം പെരുകുമെന്നാണ് വിലയിരുത്തൽ. അതിന്റെ ആഘാതം ഒക്ടോബറിലും നവംബറിലും തുടരും. 50 ശതമാനം ജീവനക്കാരുമായി ഓഫീസുകൾ പ്രവർത്തിക്കണമെന്നാണ് നിലവിലെ നിർദ്ദേശം. പല ഓഫീസുകളിലും ജീവനക്കാർ അതിലും താഴെയാണ്. കൊവിഡ് പേടിയും യാത്രാ സൗകര്യമില്ലാത്തതുമാണ് കാരണം.
സെക്രട്ടേറിയറ്റിൽ തദ്ദേശ, റവന്യൂ, ആഭ്യന്തര വകുപ്പുകളിലാണ് 50 ശതമാനം ജീവനക്കാരുള്ളത്. മറ്റ് വകുപ്പുകളിൽ 30 ശതമാനം വരെ മാത്രം. പൊതുഭരണ വകുപ്പിലെ ഒരു ജീവനക്കാരിക്ക് കൊവിഡ് ബാധിച്ചതോടെ ആ വിഭാഗം അടച്ചു. 180 ജീവനക്കാർ വർക്ക് ഫ്രം ഹോമിലാണ്. സാംസ്കാരിക വകുപ്പിൽ ഒരു താത്കാലിക ജീവനക്കാരനും സെക്രട്ടേറിയറ്റ് അനക്സിൽ മൂന്ന് പൊലീസുകാർക്കും കൊവിഡ് ബാധിച്ചതോടെ ജീവനക്കാർ പേടിയിലാണ്. ഓഫീസുകളിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. ടോക്കൺ വഴി ഒരു സമയം ഒരാളെയാണ് കയറ്റി വിടുക. തീരദേശമേഖലയിൽ നിന്നുള്ള ജീവനക്കാർ വരുന്നില്ല.റവന്യൂ വകുപ്പിൽ ഫീൽഡ് ജീവനക്കാരാണ് കൂടുതൽ വിഷമം നേരിടുന്നത്. 30 മുതൽ 50 ശതമാനം വരെ ജീവനക്കാരാണ് ജില്ലകളിൽ പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും പ്രവർത്തനം നിയന്ത്രണാടിസ്ഥാനത്തിലാണ്. പല സ്റ്റേഷനുകളിലും പരാതികൾ ഗേറ്റിൽ വച്ച് സ്വീകരിക്കുന്ന രീതിയാണ്. ഓണം കഴിയുമ്പോൾ രോഗികളുടെ എണ്ണം എത്രകണ്ട് കൂടുന്നുവോ അതിനനുസരിച്ചാവും നിയന്ത്രണം. ചീഫ് സെക്രട്ടറിയടക്കമുള്ളവർ ക്വാറന്റൈനിലായതോടെ കൂടുതൽ കരുതലിലേക്കാണ് പ്രവർത്തനം മാറുന്നത്.
''ഓഫീസുകൾ എന്ന് ശരിയായി പ്രവർത്തിക്കുമെന്ന് പറയാനാവില്ല. പരമാവധി പേരെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിനുള്ള സൗകര്യമൊരുക്കണം''.
-മാത്തുക്കുട്ടി
ജനറൽ സെക്രട്ടറി
എൻ.ജി.ഒ യൂണിയൻ
'' സെക്രട്ടേറിയറ്റിലെ ഒട്ടുമിക്ക വിഭാഗങ്ങളിലെയും ഒന്നോ രണ്ടോ പേർക്ക് രോഗം പിടിപെട്ടെങ്കിലും പുറത്തറിയുന്നില്ല.
-ജ്യോതിഷ് കുമാർ
പ്രസിഡന്റ്
സെക്രട്ടേറിയറ്റ് അസോസിയേഷൻ