aadipurush

ബാഹുബലി സീരിസിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. തെലുങ്ക് സിനിമയിൽ നിലവിൽ താരമൂല്യം കൂടിയ നായകനടൻമാരിൽ ഒരാൾ കൂടിയാണ് പ്രഭാസ്. ബാഹുബലിക്ക് പിന്നാലെ സാഹോ എന്ന ചിത്രമാണ് സൂപ്പർതാരത്തിന്റേതായി പുറത്തിറങ്ങിയത്. സാഹോ കഴിഞ്ഞ് കൈനിറയെ ചിത്രങ്ങളാണ് പ്രഭാസിനായി അണിയറയിൽ ഒരുങ്ങുന്നത്. ഇതിനിടെ പ്രഭാസിന്റെ പുതിയൊരു സിനിമയെ കുറിച്ചുള്ള റിപ്പോർട്ട് കൂടി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. തൻഹാജി സംവിധായകൻ ഓം റാവത്താണ് പ്രഭാസിന്റെ പുതിയ ചിത്രമൊരുക്കുന്നത്. ആദിപുരുഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം രാമ - രാവണ യുദ്ധം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് ഭാഷകളിലും ചിത്രമെത്തും. പ്രഭാസ് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന സിനിമ 2022ലാകും പുറത്തിറങ്ങുക. തിന്മയ്‌ക്കെതിരെ നന്മയുടെ വിജയം എന്ന കുറിപ്പോടെയാണ് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ടീ സീരിസാണ് നിർമ്മിക്കുന്നത്. ആദ്യമായാണ് ഓം റാവത്തും പ്രഭാസും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്.

അതേസമയം നിലവിൽ രാധേ ശ്യാം എന്ന റൊമാന്റിക്ക് ചിത്രമാണ് പ്രഭാസിന്റെതായി റിലീസിനൊരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ നായികയാവുന്ന സിനിമയുടെ പോസ്റ്ററുകൾ അടുത്തിടെ ആരാധകർ ഏറ്റെടുത്തിരുന്നു. രാധേ ശ്യാമിന് പുറമെ മഹാനടി സംവിധായകൻ നാഗ് അശ്വിന്റെ ചിത്രത്തിലും പ്രഭാസ് തന്നെയാണ് നായകൻ. ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി ദീപികാ പദുകോണാണ് പ്രഭാസിന്റെ നായികാ വേഷത്തിൽ എത്തുന്നത്. ഈ ചിത്രത്തിന്റെ പ്രഖ്യാപനവും അടുത്തിടെയായിരുന്നു നടന്നത്. സയൻസ് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പ്രഭാസ് നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി പ്രഭാസും ദീപികയും വാങ്ങുന്നത് കോടികളാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മഹാനടി നിർമ്മിച്ച വൈജയന്തി മൂവീസാണ് ചിത്രം നിർമ്മിക്കുന്നത്. ദീപിക ആദ്യമായി തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണിത്. തെലുങ്കിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് പ്രഭാസ്, ബാഹുബലി മുതൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പ്രഭാസ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.