
കൊവിഡിൽ നഷ്‌ടം ₹25,000 കോടിയെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം: കൊവിഡിൽ കനത്ത പ്രതിസന്ധിയിലായ ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ ഈടുരഹിത വായ്‌പാ സഹായവുമായി സംസ്ഥാന സർക്കാർ. 'മുഖ്യമന്ത്രിയുടെ ടൂറിസം സഹായനിധി" എന്നാണ് പദ്ധതിയുടെ പേര്. 355 കോടി രൂപ സംരംഭകർക്കും 100 കോടി രൂപ തൊഴിലാളികൾക്കുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംരംഭകർക്ക് ഒരുലക്ഷം മുതൽ 25 ലക്ഷം രൂപവരെയും തൊഴിലാളികൾക്ക് 20,000-30,000 രൂപയും വായ്‌പ ലഭിക്കും. അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ പോർട്ടൽ ഒരുക്കും. ടൂറിസം വകുപ്പിന്റെ അനുമതി ലഭിച്ചാൽ, ഉടൻ ബാങ്കുകളെ സമീപിച്ച് വായ്പ നേടാം. സംസ്ഥാനതല ബാങ്കിംഗ് സമിതിയാണ് വിവിധ ബാങ്കുകൾ വഴി വായ്‌പ ലഭ്യമാക്കുന്നത്.
കൊവിഡിൽ സംസ്ഥാന ടൂറിസത്തിന് നഷ്‌ടം 25,000 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. അഞ്ചുമാസത്തിനിടെ പതിനായിരങ്ങൾ പ്രതിസന്ധിയിലായി. വിമാന സർവീസുകളും മുടങ്ങിയതോടെ വരുമാനം പൂജ്യമായി.
പലിശയ്ക്ക് 50% സബ്സിഡി
ചെറുകിട സംരംഭകർക്ക് ഒരു ലക്ഷം മുതൽ മൂന്നുലക്ഷം രൂപവരെയും വൻകിട സംരംഭകർക്ക് അഞ്ചുലക്ഷം മുതൽ 25 ലക്ഷം രൂപവരെയുമാണ് വായ്‌പ. ഒരു വർഷത്തെ പലിശയ്ക്ക് 50 ശതമാനം സബ്സിഡിയുണ്ട്. ആദ്യ ആറുമാസം തിരിച്ചടവില്ല. ഇതിനായി 15 കോടി രൂപ പ്ലാൻ ഫണ്ടിൽ നിന്ന് വിനിയോഗിക്കും.
തൊഴിലാളികൾക്ക് ₹30,000 വരെ
ടൂറിസം തൊഴിലാളികൾക്ക് 20,000 മുതൽ 30,000 രൂപവരെയാണ് വായ്പ. കേരള ബാങ്കിൽ നിന്ന് 9 ശതമാനം പലിശയ്ക്കാണ് വായ്‌പയെങ്കിലും 6 ശതമാനം സർക്കാർ വഹിക്കും. ഇതിനായി പ്ലാൻ ഫണ്ടിൽ നിന്ന് 9 കോടി രൂപ വിനിയോഗിക്കും. ഫലത്തിൽ പലിശ മൂന്നു ശതമാനമാകും. ആദ്യ നാലുമാസം തിരിച്ചടവില്ല.