kadakampalli

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ യു.ഡി.എഫ് നേതാക്കൾ കള്ള പ്രചാരണം നടത്തുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ സത്യമാകുമെന്ന ഗീബൽസിയൻ സിദ്ധാന്തത്തെയാണവർ കൂട്ടുപിടിക്കുന്നത്. ഗീബൽസും ചെന്നിത്തലയും തമ്മിൽ വലിയ വ്യത്യാസമില്ല. എം. ശിവശങ്കർ അല്പം ഇടതുപക്ഷ വീക്ഷണങ്ങളുള്ള ഉദ്യോഗസ്ഥനായിരുന്നു. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ മുഖ്യമന്ത്രി അർപ്പിച്ച വിശ്വാസം അദ്ദേഹത്തിന് കാത്തുസൂക്ഷിക്കാനായില്ല. ശിവശങ്കറിന്റെ സ്വകാര്യ കാര്യങ്ങളും അദ്ദേഹം ആരുടെയോക്കെ വീടുകളിൽ കയറിയിറങ്ങുന്നുവെന്നും നോക്കേണ്ട കാര്യം മുഖ്യമന്ത്രിക്കില്ല. സമഗ്രമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. കുറ്റക്കാർ ആരായാലും ശിക്ഷിക്കപ്പെടും. യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകളെപ്പോലെയാണ്. ലൈഫ് മിഷനിൽ സ്ഥലം നൽകുന്ന സർക്കാർ എങ്ങനെ കുറ്റക്കാരാകുമെന്നും മന്ത്രി ചോദിച്ചു.