 സ്ക്രീനിംഗിൽ വിജയിക്കുന്നവർക്ക് രണ്ടാംഘട്ട പരീക്ഷ

 പരിഷ്കാരം ഡിസംബർ മുതൽ

തിരുവനന്തപുരം: അപേക്ഷകൾ കൂടുതലായി വരുന്ന തസ്തികകളിൽ പബ്ലിക് സർവീസ് കമ്മിഷൻ രണ്ട് ഘട്ടമായിട്ടാവും ഇനി പരീക്ഷകൾ നടത്തുക. ആദ്യം പൊതു സ്ക്രീനിംഗ് ടെസ്റ്റാണ്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കേ തസ്‌തിക പ്രകാരമുള്ള രണ്ടാം പരീക്ഷയിൽ പങ്കെടുക്കാനാവൂ. രണ്ടാം പരീക്ഷയിലെ മാർക്കാവും അന്തിമ റാങ്കിന് മാനദണ്ഡമാക്കുകയെന്നും പി.എസ്‍.സി ചെയർമാൻ എം.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികൾക്ക് വെവ്വേറെ സ്ക്രീനിംഗ് പരീക്ഷകളാവും നടത്തുക. ഇതിലെ മാർക്ക് അന്തിമ റാങ്ക് ലിസ്റ്റിന് പരിഗണിക്കില്ല. രണ്ടാംഘട്ട പരീക്ഷയ്ക്കെത്തുന്നവരുടെ എണ്ണം കുറയുമ്പോൾ, കൂടുതൽ മികവുള്ളവർക്ക് യോഗ്യത നേടാനും, പരീക്ഷാഫലം വൈകുന്നത് ഒഴിവാക്കാനും കഴിയുമെന്ന് ചെയർമാൻ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളും കുറച്ച് മതിയാവും. ഒരു സെന്ററിൽ സൂപ്പർവിഷന് കൂടുതൽ പേരെ ചുമതലപ്പെടുത്താം. പരീക്ഷാത്തട്ടിപ്പ് തടയാനും കഴിയും.

ഡിസംബർ മുതലുള്ള പരീക്ഷകളിലാണ് പുതിയ രീതി നടപ്പാക്കുക. വിഷയാധിഷ്ഠിതമായ വിവരണാത്മക പരീക്ഷയായിരിക്കും രണ്ടാം ഘട്ടത്തിൽ. ഇതിന്റെ മാർക്കാവും അന്തിമ റാങ്കിംഗിന്റെ മാനദണ്ഡം. യു.പി.എസ്‍.സി പരീക്ഷയുടെ മാതൃകയിലാണ് പരീക്ഷാരീതി മാറ്റം. അതേസമയം, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത വേണ്ട തസ്തികകൾക്കും, മെഡിക്കൽ, എൻജിനിയറിംഗ്, ഡ്രൈവിംഗ്, അദ്ധ്യാപക തസ്തികകൾക്കും പ്രാഥമിക സ്ക്രീനിംഗ് പരീക്ഷ ഉണ്ടാവില്ല.

സ്ക്രീനിംഗ് പരീക്ഷ

പത്ത് മാസത്തിനിടെ

പി.എസ്.സി വിജ്ഞാപനം വരുന്നതനുസരിച്ച് ഓരോ പത്ത് മാസത്തിനിടയിലും പ്രാഥമിക പൊതുപരീക്ഷ

പ്രാഥമിക പരീക്ഷ ഒ.എം.ആർ രീതിയിൽ. ഇതിന്റെ സിലബസ് തയ്യാർ
രണ്ടാം പരീക്ഷ ഒ.എം.ആർ/ ഓൺലൈൻ / വിവരണാത്മക പരീക്ഷ ഇവയിൽ ഏതുമാകാം

നിലവിൽ പുറപ്പെടുവിച്ചതും, സെപ്തംബർ വരെ പുറപ്പെടുവിക്കുന്നതുമായ വിജ്ഞാപനങ്ങളിലെ തസ്തികകളെയും, പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെയും ക്രോഡീകരിച്ചാവും സ്ക്രീനിംഗ് പരീക്ഷ

സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് പ്രിലിമിനറി പരീക്ഷയാവും മാതൃക

ഉടനെ വരുന്ന ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലാർക്ക്, സെക്രട്ടേറിയറ്റ് -പി.എസ് .സി -യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പനി / ബോർഡ് / കോർപറേഷൻ, വില്ലേജ് അസിസ്റ്റന്റ് , വില്ലേജ് മാൻ തുടങ്ങിയ തസ്തികകളിൽ സ്കീനിംഗ് പരീക്ഷ ബാധകം.

കെ.എ.എസ് പ്രിലിമിനറി

പരീക്ഷാഫലം 26ന്

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷാഫലം 26ന്. നാലു ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് മൂന്ന് സ്ട്രീമുകളിലായി പരീക്ഷയെഴുതിയത്. 3000 മുതൽ 4000 വരെ ഉദ്യോഗാർത്ഥികളെ സ്ട്രീം ഒന്നിൽ ഉൾപ്പെടുത്തും.സ്ട്രീം രണ്ടിലും മൂന്നിലും ആനുപാതികമായ രീതിയിലും. നവംബറിലോ ഡിസംബറിലോ രണ്ടാംഘട്ട പരീക്ഷ. 100 മാർക്ക് വീതമുള്ള മൂന്ന് പരീക്ഷകളും 50 മാർക്കിന്റെ ഇന്റർവ്യൂവും.

മാറ്റിവച്ച പരീക്ഷകൾ

സെപ്തംബർ മുതൽ

കൊവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച പരീക്ഷകൾ സെപ്തംബർ മുതലും അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകൾ ഡിസംബർ മുതലും നടത്തും. നടത്തിയ പരീക്ഷകളുടെ ഫലം വൈകാതെ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.