obitury
ആരതി

നെടുമങ്ങാട്: കറുപ്പിന് ഏഴഴകെന്ന് കീർത്തികേട്ട നാട്ടിൽ നിറം കറുപ്പായതുകൊണ്ട് കൂട്ടുകാർ കളിയാക്കുന്നതായി കത്തെഴുതിവച്ച് ബിരുദ വിദ്യാർത്ഥിനി ജീവനൊടുക്കി. നെടുമങ്ങാട് ഗവ. കോളേജിലെ രണ്ടാംവർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി കൊപ്പം അരശുപറമ്പ് സരസ്വതി ഭവനിൽ എസ്.എസ്. ആരതിയാണ് (19) മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി നെടുമങ്ങാട് പൊലീസ് പറഞ്ഞു.

നിറം കറുപ്പായതിനാൽ ആർക്കും തന്നോട് സ്നേഹമില്ലെന്നാണ് കത്തിലെ ഉള്ളടക്കം. അപകർഷതാബോധം ആത്മഹത്യയിലേക്കു നയിച്ചതാകാമെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. സ്വകാര്യവാഹന ഡ്രൈവർ സതീഷ്‌കുമാറിന്റെയും നെടുമങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സിന്ധുവിന്റെയും മകളാണ്. സതീഷ് ഏറെനാൾ ഗൾഫിൽ ഡ്രൈവറായിരുന്നു.

കഴിഞ്ഞദിവസം വൈകിട്ട് അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആരതി ഫാനിൽ കെട്ടിത്തൂങ്ങിയത്. കുളിമുറിയിലായിരുന്ന ഇളയ സഹോദരി ആവണി പുറത്തുവന്നപ്പോൾ ഷാളിൽ തൂങ്ങിയ നിലയിൽകണ്ട ആതിരയെ ഫാനിലെ കെട്ടുമുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പ‌ഠിക്കാൻ മിടുക്കിയായിരുന്നു ആരതിയെന്ന് കോളേജിലെ അദ്ധ്യാപകൻ പറഞ്ഞു. സംഭവ ദിവസം രാവിലെ നടന്ന ഇംഗ്ളീഷ് ഓൺലൈൻ ക്ളാസിലും പങ്കെടുത്തിരുന്നു. നെടുമങ്ങാട് എസ്.ഐ സുനിൽ ഗോപിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.