aug18a

ആറ്റിങ്ങൽ: മാലിന്യ പരിപാലനത്തിൽ കേരളത്തിനെന്നല്ല ഇന്ത്യയിലെ ഗ്രാമ പഞ്ചായത്തുകൾക്കെല്ലാം മാതൃകയാണ് ആറ്റിങ്ങൽ നഗരസഭ.

മാലിന്യം സംഭരിക്കുന്നതിനും തരംതിരിച്ച് സംസ്‌കരിക്കുന്നതിനും മികവുറ്റ ഒരു സംവിധാനം ഇവിടെ പ്രവർത്തിക്കുന്നതാണ് ഇതിനു കാരണം.

ചുടുകാട് എന്നറിയപ്പെടുന്ന സ്ഥലത്ത് 4.20 ഏക്കറിലാണ് ആറ്റിങ്ങലിനെ മറ്റിടങ്ങളിൽ ശ്രദ്ധാകേന്ദ്രമാക്കിയ മാലിന്യപരിപാലനകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ 20 സെന്റ് പൊതുശ്മശാനത്തിനായി മാറ്റിയിട്ടുണ്ട്. നഗരപ്രദേശത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമുള്ള മാലിന്യങ്ങൾ ശേഖരിച്ച് ഇവിടെയെത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കുന്നതാണ് രീതി. ഇവ കൊണ്ട് ബയോഗ്യാസ്‌ നിർമ്മാണം, മണ്ണിര കമ്പോസ്റ്റ്, വിൻഡ്രോ കമ്പോസ്റ്റ് എന്നിവയാക്കി മാറ്റിയാണ് സംസ്‌കരിക്കുന്നത്.

ഉത്പാദിപ്പിക്കുന്ന വളം കൃഷി ഭവൻ വഴിയും നേരിട്ടും കർഷകർക്കെത്തിക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് ടാറിംഗിനുവേണ്ടി നല്കുന്നു.

21 വനിതകളും രണ്ട് പുരുഷന്മാരുമാണ് പ്ലാന്റിലെ ജീവനക്കാർ. നഗരസഭ കണ്ടിജൻസി ജീവനക്കാരുടെ നേതൃത്വത്തിലാണ് മാലിന്യം സംഭരിച്ച് പ്ലാന്റിലെത്തിക്കുന്നത്. കേന്ദ്രീകൃത സംവിധാനത്തിനൊപ്പം മാലിന്യപരിപാലനത്തിൽ വികേന്ദ്രീകൃത സംവിധാനവും ആറ്റിങ്ങലിൽ നടപ്പാക്കുന്നുണ്ട്. കൂടുതൽ മാലിന്യങ്ങൾ വരുന്ന മാർക്കറ്റുകളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലങ്ങളിൽ സംസ്‌കരണപ്ലാന്റുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകളും കമ്പോസ്റ്റ് ബിന്നുകളും നല്കി ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ രീതി നടപ്പാക്കിയിട്ടുമുണ്ട്.

സംസ്ഥാനത്താദ്യമായി എൻജിനിയറിംഗ് സാനിട്ടറിലാന്റ് ഫില്ലിംഗ് പദ്ധതി നടപ്പാക്കി ആറ്റിങ്ങൽ ശ്രദ്ധനേടിക്കഴിഞ്ഞു. ഒരുതരത്തിലും സംസ്‌കരിക്കാൻ കഴിയാത്ത മാലിന്യങ്ങൾ ഒഴിവാക്കുന്നതിനുള്ള സംവിധാനമാണിത്. മണ്ണും വെള്ളവും വായുവും മലിനമാകാതെ മികച്ച എൻജിനിയറിംഗ് സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മാലിന്യവും മണ്ണും അടുക്കടുക്കായി നിരത്തുന്നതാണ് ഈ സംവിധാനം. എന്നാൽ ഇത് നേരിട്ട് ഭൂമിയുമായി ബന്ധം സ്ഥാപിക്കുന്നതുമില്ല. കേന്ദ്രസർക്കാരിന്റെ ഒരുകോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിച്ചിട്ടുള്ളത്. ഇതുൾപ്പെടെ രണ്ടുകോടി രൂപ കേന്ദ്രവും രണ്ടുകോടി രൂപ സംസ്ഥാനസർക്കാരും മാലിന്യ പരിപാലനത്തിനായി ആറ്റിങ്ങൽ നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. കാസർകോട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പ്ലാന്റ് നടത്തിപ്പു ചുതല നിർ‌വഹിക്കുന്നത്.

മികച്ച നേട്ടങ്ങൾ
കേരളത്തിലാദ്യമായി എൻജിനിയറിംഗ് സാനിട്ടറി ലാന്റ് ഫില്ലിംഗ് സംവിധാനം ആറ്റിങ്ങലിൽ

മാലിന്യ പരിപാലനത്തിൽ ആറ്റിങ്ങൽ കേരളത്തിലെ മാതൃകാനഗരം

തുടർച്ചയായി 14 വർഷം ആറ്റിങ്ങലിന് അവാർഡ്

എക്‌സലന്റ് പുരസ്‌കാരം

മുഖ്യമന്ത്രിയുടെ ഇന്നവേഷൻ പുരസ്‌കാരം