പാറശാല: മലയോര അതിർത്തി ഗ്രാമങ്ങളിൽ ഓണത്തിന് സ്വന്തം വീട്ടുമുറ്റത്തെ പച്ചക്കറികൾ അടുക്കളയിലേക്കെത്തും.കൊവിഡ് കാലം വീട്ടമ്മമാർക്കു സമ്മാനിച്ച വിരസത അതിജീവിക്കാൻ തുടങ്ങിയ പച്ചക്കറി കൃഷി ഓണക്കാലത്ത് വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു.സി.പി.എം വെള്ളറട ഏരിയാ കമ്മിറ്റിയുടെയും അമ്പൂരി, വെള്ളറട, ആര്യൻകോട്, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, കിളിയൂർ, ആനാവൂർ തുടങ്ങിയ മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷികളും വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികൾക്ക് ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും കാരണം കുറവുണ്ടായി. കുടാതെ തീ പിടിച്ച വിലയും. ആര്യൻകോട്ടിലെ കർഷക കൂട്ടായ്മ രണ്ടേക്കറോളം ഭൂമിയിൽ ആരംഭിച്ച കൃഷി സമീപവാസികൾക്ക് പ്രചോദനമായിരുന്നു. വാഴ, ചേന, ചേമ്പ് തുടങ്ങിയ കൃഷികളാണ് കർഷകക്കൂട്ടായ്മ ചെയ്യുന്നത്. കുന്നത്തുകാൽ പഞ്ചായത്ത് ചെറിയ തുക ഈടാക്കി ഗ്രോ ബാഗുകളിലാക്കി വിതരണം ചെയ്ത പച്ചക്കറിത്തൈകൾ പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകളിലും എത്തിയിരുന്നു. വീടിനു മുന്നിലെ പച്ചക്കറി കൃഷികൾ കുന്നത്തുകാലിലെ വീട്ടമ്മമാരുടെ സ്വകാര്യ അഹങ്കാരമായി മാറിക്കഴിഞ്ഞു. കാരക്കോണം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയുടെ ഷോറൂമിൽ നിന്ന് പ്രതിദിനം ശരാശരി നൂറു പാക്കറ്റുകളിലേറെ പച്ചക്കറി വിത്തുകളും ജൈവ വളവും വിറ്റു പോകുന്നുണ്ട്. കിളിയൂർ മണ്ണാംകോണം, മണവാരി തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ നടത്തുന്ന പച്ചക്കറി നഴ്സറികളിൽ നിന്ന് ധാരാളം പച്ചക്കറി തൈകളും മറ്റു ഫല വൃക്ഷതൈകളും വിറ്റു പോകുന്നുണ്ട്. മാവ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങളൊക്കെ വെട്ടി നശിപ്പിച്ച് നാണ്യ വിളയായ റബ്ബറിറെ നെഞ്ചിലേറ്റിയ മലയോര വാസികൾ വീണ്ടും ഫലവൃക്ഷങ്ങളെയും സസ്യങ്ങളെയും വീട്ടു വളപ്പിൽ നട്ടുപിടിപ്പിക്കുന്ന കാഴ്ചയും മലയോരത്തിന് സ്വന്തമാവുകയാണ്.