തിരുവനന്തപുരം: കൊവിഡ് കാലത്ത് ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതിയ രീതി പി.എസ്.സി പ്രഖ്യാപിച്ചു .
മറ്റ് ജോലികൾക്കായി ഒരു തവണ പി.എസ്‍.സിയിൽ രേഖകൾ വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗാർത്ഥി വീണ്ടും രേഖകൾ ഹാജരാക്കേണ്ടതില്ല. തൊട്ടടുത്ത ജില്ലാ ആസ്ഥാനങ്ങളിലും വെരിഫിക്കേഷൻ നടത്താം. കൊവിഡ് രോഗബാധിതർക്കും, കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്കും ഓൺലൈൻ വഴി വെരിഫിക്കേഷൻ നടത്താം. അവർ എല്ലാ രേഖകളും അപ്‍ലോഡ് ചെയ്യണം. വീഡിയോ കോൺഫറൻസിംഗ് വഴി വെരിഫിക്കേഷൻ നടത്തും. അന്തിമ നിയമന നടപടികൾക്ക് മുമ്പ് സർട്ടിഫിക്കറ്റുകൾ നേരിട്ട് ഹാജരാക്കണം.
വ്യാജ പ്രചാരണത്തിനെതിരെ
കേസെടുക്കുമെന്ന് ചെയർമാൻ
പി.എസ് .സി യിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നില്ലെന്നും, ജോലി തട്ടിപ്പെന്ന രീതിയിൽ വ്യാജ ആക്ഷേപം ഉന്നയിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്നും ചെയർമാൻ എം.കെ.സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പി.എസ് സി യുടെ വിശ്വാസ്യത തകർക്കുന്നത് സ്വന്തം ജീവനക്കാരാണെങ്കിലും നടപടിയുണ്ടാകും. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെയും തെറ്റായ വർത്തകൾ നൽകുന്നവർക്കെതിരെയും നിയമ പ്രകാരമുളള നടപടികൾ സ്വീകരിക്കും. പി.എസ്.സി.യിൽ ജോലി ലഭിക്കുന്നതിനെന്ന പേരിൽ നിയമവിരുദ്ധമായി പി.എസ്.സി.യുടെ പേരിൽ ഒരു കരാറിൽ ഏർപ്പെട്ട സംഭവത്തിലുൾപ്പെട്ടവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ താത്കാലിക നിയമനങ്ങൾ കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതിനാൽ ഇത് സംബന്ധിച്ച് സർക്കാരിനെ അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.