കിളിമാനൂർ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രവർത്തിച്ചു തുടങ്ങിയെങ്കിലും വഴിയോര കച്ചവടക്കാരുടെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്. അനുമതി കിട്ടിയാലും കണ്ടൈമെന്റ് സോൺ, ലോക്ക് ഡൗൺ, സാമൂഹിക അകലം ഈ വെല്ലുവിളികൾക്കിടയിൽ എങ്ങനെ കച്ചവടം നടത്തുമെന്ന ആശങ്കയിലാണവർ. വർഷങ്ങളായി വഴിയോര കച്ചവടം കൊണ്ടുമാത്രം ജീവിക്കുന്ന ആയിര കണക്കിന് ആളുകൾ ജില്ലയിലുണ്ട്.
ചിങ്ങം പിറക്കുമ്പോഴേ വഴിയോര വിപണി സജീവമാകുന്നതാണ്. ഉപ്പു തൊട്ട് കർപ്പൂരംവരെ സകലതും കുറഞ്ഞ വിലയ്ക്ക് ഇത്തരം വഴിയോര വിപണികളിൽ നിന്ന് ലഭിച്ചിരുന്നു. നഗരത്തിലെ വലിയ വ്യാപാര ശാലകളിലെ സുഖ ശീതളിമയും വർണപ്പകിട്ടും ഇല്ലങ്കിലും എരിപൊരി വെയിലിൽ നിന്ന് പരസ്‌പരം ഉച്ചത്തിൽ വിലപേശി കൊണ്ടുള്ള കച്ചവടം ഓണത്തിന്റെ ഒരു ഓളം നഗരത്തിലും ഗ്രാമത്തിലും ഉണ്ടാക്കിയിരുന്നു. ദിവസ കൂലിക്കാരന്റെയും അർദ്ധപട്ടിണിക്കാരന്റെയും ഓണം കൂടാനുള്ള വിപണിയായിരുന്നു ഈ വഴിയോര കച്ചവടം. ഇക്കുറി എല്ലാം തകിടംമറിഞ്ഞ മട്ടാണ്. ഓണത്തിന് രണ്ടു ദിവസം മുൻപെങ്കിലും കച്ചവടം നടത്താൻ അനുമതി നൽകണമെന്നാണ് ഇവരുടെ ആവശ്യം.