കുഞ്ഞിന് ഏഴാം മാസമാകുന്നതോടെ ആഹാരത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തിത്തുടങ്ങാം. ദഹിക്കാൻ ഏറ്റവും എളുപ്പമുള്ള ധാന്യമാണ് ആദ്യം തെരഞ്ഞെടുക്കേണ്ടത്. കൂവരക് കുറുക്ക് കല്ക്കണ്ടമോ, പഞ്ചസാരയോ ചേർത്തത്, മലരിട്ട് വച്ച കഞ്ഞി, ചെറുപയറും, പൊടിയരിയും കൂടിയിട്ട് വച്ച കഞ്ഞി,കഞ്ഞിയോടൊപ്പം കുമ്പളം, മത്തൻ എന്നിവയിട്ട് വച്ച അവിയൽ എന്നിവ നൽകാം.
പ്രിയാളമജ്ജാദിമോദകം, ശ്രീരത്നമോദകം എന്നിവ ഈ സമയത്ത് നൽകാവുന്ന പോഷകസമ്പുഷ്ടവും കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കുന്നതുമായ ആഹാരമാണ്.
കുറുക്കും, മറ്റാഹാരങ്ങളും നൽകിയിട്ട് രണ്ടോ മൂന്നോ സ്‌പൂൺ
തിളപ്പിച്ചാറ്റിയ വെള്ളം കുടിപ്പിക്കുന്നത് നല്ലതാണ്. ഇതിലൂടെ ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുകയും അതിലുപരി കുഞ്ഞിന്റെ വായ് വൃത്തിയാകുകയും ചെയ്യും.
കാർബോഹൈഡ്രേറ്റ് മാത്രം അടങ്ങിയ കുറുക്കുകളാണ് സാധാരണ കുഞ്ഞുങ്ങൾക്ക് നിലവിൽ കൊടുത്തു വരുന്നത്. എന്നാൽ, ആയുർവേദ ഗ്രന്ഥങ്ങളിൽ കുറുക്ക് രൂപത്തിൽ നൽകത്തക്കവിധത്തിൽ പറഞ്ഞിട്ടുള്ള മോദകങ്ങൾ കാർ ബോഹൈഡ്രേറ്റും, എളുപ്പം ദഹിക്കുന്ന ഒരു പ്രോട്ടീനും, ഒരു ഫലവും അടങ്ങിയിട്ടുള്ള സമീകൃതാഹാരമാണ്.
പ്രിയാള മജ്ജാദി മോദകത്തിൽ ദഹിക്കാൻ ഏറ്റവും എളുപ്പമുള്ള മലരാണ് കാർബോഹൈഡ്രേറ്റ് പ്രദാനം ചെയ്യുന്നത്.
പശുവിൻ പാലിൽ കുഞ്ഞിന് ദഹിപ്പിക്കാൻ സാധിക്കാത്ത രീതിയിൽ കൂടുതൽ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ പാൽ കൊടുക്കുകയാണെങ്കിൽ നേർപ്പിച്ച് മുത്തങ്ങയിട്ട് കാച്ചിക്കൊടുക്കണം.
കുമ്പളം കൊള്ളാം മത്തനും ....
എട്ടാം മാസം മുതൽ പല്ല് മുളയ്ക്കുകയും, കുഞ്ഞ് കയ്യിൽ കിട്ടുന്നതെല്ലാം കടിക്കുകയും ചെയ്യുന്നു. ആ സമയത്ത് കടിച്ച് ചവയ്ക്കത്തക്ക രീതിയിലുള്ള കട്ടിയുള്ള ആഹാരങ്ങൾ നൽകിയില്ലെങ്കിൽ പിന്നീട് കട്ടിയുള്ള ആഹാരങ്ങൾ കഴിക്കാൻ കുട്ടി മടി കാണിക്കും. ചോറ് മിക്സിയിൽ അടിക്കാതെ കൈ കൊണ്ട് ഉടച്ച് കൊടുക്കണം. പച്ചക്കറികൾ ഇട്ട് വച്ച കറികളും നൽകാം.
കിഴങ്ങ് വർഗ്ഗങ്ങൾ ദഹിക്കാൻ പ്രയാസമാണ്. കുമ്പളം, മത്തൻ എന്നിവ ഇട്ട് വച്ച അവിയൽ എളുപ്പം ദഹിക്കുന്ന കറിയാണ്.
കുഞ്ഞിനെ അമ്മയുടെ മടിയിൽ ഇരുത്തി ആഹാരം കൊടുക്കണം.
സ്വയം ആഹാരം കഴിക്കാൻ പ്രോത്സാഹിപ്പിക്കണം. ഓരോ ആഴ്ച കൂടുമ്പോൾ ഓരോ പുതിയ ആഹാരം പരിചയപ്പെടുത്താം. മറ്റ് ആഹാരങ്ങൾ കൊടുക്കുന്നുണ്ടെങ്കിലും മുലപ്പാലും കൂടി നൽകേണ്ടതാണ്.
ആഹാരം കഴിക്കാൻ കുഞ്ഞിനെ നിർബന്ധിക്കരുത്.
നിർബന്ധിച്ചാൽ ആഹാരം കഴിക്കുന്നതിനോട് വെറുപ്പ് ഉണ്ടാകും.
ഏതെങ്കിലും ഒരു ആഹാരം കുഞ്ഞിന് ഇഷ്ടപ്പെടുന്നില്ലെങ്കിൽ തൽക്കാലം അത് കൊടുക്കുന്നത് നിർത്തിവച്ചിട്ട് കുറേ നാളുകൾക്ക് ശേഷം വീണ്ടും കൊടുക്കാം.
ഒൻപതാം മാസം വീട്ടിൽ എല്ലാപേരും കഴിക്കുന്ന ആഹാരം നൽകുക.
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം എന്നിവ നന്നായി പാകം ചെയ്ത് നൽകണം.
പത്താം മാസം പത്താം മാസത്തിൽ മാംസാഹാരം കൊടുത്തു തുടങ്ങാമെന്നാണ് ആയുർവേദ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആദ്യമായി കൊടുത്തു തുടങ്ങുമ്പോൾ കാടക്കോഴി, കോഴി ഇവയിലേതെങ്കിലും ഒന്നിന്റെ മാംസവും, നന്നായി പാകം ചെയ്ത മറ്റ് കറികളും ചോറിൽ യോജിപ്പിച്ച് വിരൽ കൊണ്ട് ഉടച്ച്, മൂന്നോ അഞ്ചോ ഉരുള കൊടുക്കാം . എങ്കിലും പതിവായി കൊടുക്കുന്നത് ഒരു വയസ്സിന് ശേഷമാകുന്നതാണ് നല്ലത്.
പഴകിയ ചെന്നെല്ലരിയോ, ഞവരയരിയോ വറുത്ത്, കഴുകി അതുകൊണ്ട് കഞ്ഞിയുണ്ടാക്കി അല്പം നെയ്യും ഉപ്പും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ ശരീരം പുഷ്ടിപ്പെടും.
ഒരു വയസു മുതൽ നാലു വയസു വരെയുള്ള കുട്ടികൾക്ക് വീട്ടിൽ എല്ലാപേരും കഴിക്കുന്ന എല്ലാ ആഹാരങ്ങളും നൽകാം.
ദിവസവും ആവശ്യമുള്ള എല്ലാ പോഷകങ്ങളും ഉള്ള സമീകൃതാഹാരമാണ് നൽകേണ്ടത്.
ഓരോ തവണ കൊടുക്കുന്ന ആഹാരത്തിലും കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുലവണങ്ങൾ എന്നിവ ആവശ്യമായ അളവിൽ ഉണ്ടായിരിക്കണം.
പുട്ടിനൊപ്പം ചെറുപയർ അല്ലെങ്കിൽ കടലക്കറി, ഇഡ്ഡലിയും സാമ്പാറും,
ദോശയും ചമ്മന്തിയും, അപ്പവും കടലക്കറിയും എന്നിങ്ങനെ കേരളത്തിൽ പരമ്പരാഗതമായി നിലനിന്നിരുന്ന ആഹാരരീതി സമീകൃതമാണ്.
പുട്ട് - പഴം, മാങ്ങ അപ്പം - പഞ്ചസാര എന്നിവ സമീകൃതാഹാരമല്ല.
ആഹാരത്തിൽ പാൽ, പാലുല്പന്നങ്ങൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, പഴവർഗ്ഗങ്ങൾ, പച്ചക്കറി, മുട്ട, മീൻ, മാംസം എന്നിവ ഉൾപ്പെടുത്തണം.
മുട്ടയുടെ വെള്ള ഒരു വയസ്സിന് ശേഷം നൽകിത്തുടങ്ങിയാൽ മതി.
സസ്യാഹാരം മാത്രം കഴിക്കുന്നവർ പയർ വർഗ്ഗങ്ങൾ കൂടുതൽ കഴിക്കേണ്ടതാണ്.
ആഹാരം കൃത്യമായ അളവിലായിരിക്കണം. വയറിന്റെ പകുതി ഭാഗം ആഹാരം, കാൽ ഭാഗം ദ്രവരൂപത്തിലുള്ളത് ബാക്കി കാൽ ഭാഗം ഒഴിച്ചിടുക . ഈ രീതിയിൽ ആഹാരം കഴിക്കുന്നതാണ് ശരിയായ ദഹനത്തിനും ആരോഗ്യത്തിനും ഉത്തമം.
രാവിലെ മലമൂത്ര വിസർജ്ജനം കഴിഞ്ഞ് വിശപ്പുള്ളപ്പോൾ ആണ് ആഹാരം നൽകേണ്ടത്.
ആഹാരം നിർബന്ധിച്ച് നൽകരുത്. വിശപ്പുണ്ടാകാനുള്ള അവസരം കൊടുക്കണം.
ചോറും കറികളും കൂടി മിക്സിയിലടിച്ച്, വായിൽ തിരുകിക്കയറ്റി വെള്ളം കൂടി കുടിപ്പിച്ച് അകത്തേക്ക് വിടുന്ന പ്രവണത ശരിയല്ല.
ആഹാരത്തിന്റെ രുചിയറിഞ്ഞ് കഴിക്കാനുള്ള അവസരം കുട്ടിക്ക് നൽകണം.
രണ്ട് വയസ്സ് വരെ മറ്റ് ആഹാരങ്ങൾ നൽകുന്നുണ്ടെങ്കിലും മുലപ്പാൽ നൽകേണ്ടതാണ്.
വിപണിയും പരസ്യങ്ങളുമല്ല നമ്മുടെ കുഞ്ഞുങ്ങളുടെ ആഹാരരീതി നിശ്ചയിക്കേണ്ടത്. യഥാർത്ഥ ആരോഗ്യ അറിവുകളാലാണ് നാം ഭക്ഷണത്തെ തെരഞ്ഞെടുക്കേണ്ടത്.
ശ്രീരത്നമോദകം
ഇലിപ്പപ്പൂവ് : 80 ഗ്രാം
ഈന്തപ്പഴം : 80 ഗ്രാം
കദളിപ്പഴം : 80 ഗ്രാം
ചെറുപയർ : 80 ഗ്രാം
കറുവപ്പട്ട : 6 ഗ്രാം
പച്ചില : 6 ഗ്രാം
തിപ്പലി : 2 ഗ്രാം
ഏലക്ക : 2 ഗ്രാം
തേൻ : 10 മി.ലി.
കൽക്കണ്ടം : ആവശ്യത്തിന്
കൂവരക് പൊടിച്ചത്
ഈന്തപ്പഴം കുരുകളഞ്ഞ് കദളിപ്പഴവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക. അതിനെ അരച്ച് അൽപ്പം നെയ്യിൽ വറട്ടിയെടുക്കുക. ചെറുപയർ വറുത്ത് പൊടിക്കുക. കൂവപ്പൊടിയോ, കൂവരക് പൊടിയോ, മേൽപ്പറഞ്ഞവ ചേർത്ത് കാച്ചി, ആവശ്യത്തിന് കൽക്കണ്ടവും, കറുവപ്പട്ട, പച്ചില, തിപ്പലി, ഏലക്ക ഇവയുടെ പൊടിയും ചേർത്തിളക്കി, തണുക്കുമ്പോൾ തേനും ചേർത്ത് നൽകാം.