വർക്കല: ശിവഗിരി നടയറ കൈത്തോട്ടിലും ടി.എസ് കനാലിലും അറവ് മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു. വർക്കലയിലെ പരമ്പരാഗത ജലസ്രോതസായ നടയറ - ശിവഗിരി കൈത്തോട്ടിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ടി.എസ് കനാലിലും അറവ് മാലിന്യങ്ങൾ തള്ളുന്നത് കാരണം ഈ പ്രദേശമാകെ ഗുരുതരമായ സാംക്രമിക രോഗ ഭീഷണിയിലാണ്. പരിസ്ഥിതിക്കും പൊതുജനാരോഗ്യ സുരക്ഷയ്ക്കും ഭീഷണിയായി മാറിയ മാലിന്യങ്ങളുടെ നിക്ഷേപം തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒഴുക്ക് നിലച്ചു കെട്ടി കിടക്കുന്ന മലിനജലത്തിൽ കൊതുകും ഷുദ്ര ജീവികളും ഇഴ ജന്തുക്കളും ചേർന്ന് ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുഃസഹവും ദുരിത പൂർണവുമാക്കുകയാണ്. കൈത്തോട്ടിലെ ജലം പലരും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗപ്പെടുത്തുന്നുണ്ട്. സ്കൂൾ, നഗരസഭ അങ്കണവാടി, ജുമാ മസ്ജിദ്, മദ്രസ, ഗ്രന്ഥശാല, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന നടയറ പ്രദേശത്തെ മാലിന്യനിക്ഷേപം മൂലം പൊറുതി മുട്ടുകയാണ്. മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം. ഇതു സംബന്ധിച്ച് നിരവധി തവണ അധികൃതർക്ക് വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. പ്രദേശവാസികൾക്ക് ആശ്രയമായ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിർണായക ഇടങ്ങളിൽ കാമറകൾ സ്ഥാപിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ പരിശോധന ഊർജിതപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.