തിരുവനന്തപുരം : കൊവിഡ് കാലത്ത് കാൻസർ രോഗികൾക്ക് മികച്ച ചികിത്സയൊരുക്കാനാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആർ.സി.സിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്‌സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നിർവഹിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തിന് പുറത്ത് നിന്നുൾപ്പെടെ നിരവധി പേരാണ് ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്നത്. കൊവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ തന്നെ കാൻസർ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉൾപ്പെടെ 23 സ്ഥലങ്ങളിലാണ് കാൻസർ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഈ കാലയളവിൽ മരുന്ന് വാങ്ങാൻ ബുദ്ധിമുട്ടിയവർക്ക് വേണ്ടി ആരോഗ്യ വകുപ്പും പൊലീസ്, ഫയർഫോഴ്സും കൈകോർത്തെന്നും മന്ത്രി പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 14.54 കോടി രൂപ ചെലവിട്ടാണ് മെഷീൻ സ്ഥാപിച്ചത്. വിവിധ തരം കാൻസറുകളെ ചികിത്‌സിക്കാൻ ആവശ്യമായ വ്യത്യസ്ത ഫ്രീക്വൻസിയുള്ള എക്‌സ്‌റേയും ഇലക്‌ട്രോൺ ബീമും കൃത്യതയോടെ ഉപയോഗിക്കാൻ കഴിയുന്ന ന്യൂതന സംവിധാനങ്ങളാണ് യന്ത്രത്തിലുള്ളത്. അർബുദ കോശങ്ങളെ നശിപ്പിക്കുമ്പോൾ സമീപത്തെ മറ്റു അവയവങ്ങൾക്ക് റേഡിയേഷൻ ഏൽക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യന്ത്രത്തിന്റെ പ്രത്യേകതയാണ്. ആർ.സി.സി ഡയറക്ടർ ഡോ. രേഖ എ.നായർ സ്വാഗതവും മെഡിക്കൽ സൂപ്രണ്ട് ഡോ. എ.സജീദ് നന്ദിയും പറഞ്ഞു.