തിരുവനന്തപുരം : ഇതാണ് മലയാളി, കൊവിഡല്ല എന്ത് മഹാമാരി വന്നാലും മലയാളിയുടെ മനുഷ്യത്വം നശിക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണ് വീണ്ടും. ഇടതുകാലും ശ്വാസകോശത്തിന്റെ ഒരുഭാഗവും കവർന്നെടുത്ത കാൻസറിനോട് കഴിഞ്ഞ മൂന്നുവർഷമായി പൊരുതുന്നതിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയായ നന്ദുവിന് 12 മണിക്കൂർ കൊണ്ട് സോഷ്യൽമീഡിയ വഴി ചികിത്സാ സഹായമായി ലഭിച്ചത് അരക്കോടി രൂപ.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചികിത്സ വഴിമുട്ടിയതോടെ ചെറിയൊരു കൈത്താങ്ങ് വേണമെന്ന് സോഷ്യൽ മീഡിയയിലൂടെ നന്ദു ആവശ്യപ്പെട്ടിരുന്നു. എം.വി.ആർ കാൻസർ സെന്ററിലെ കീമോ വാർഡിലെ കിടക്കയിൽ ഇരുന്ന് നന്ദി പറയുകയാണ് നന്ദു എന്ന നന്ദു മഹാദേവ.
സഹായം അഭ്യർത്ഥിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത് 12മണിക്കൂറിനകം 50ലക്ഷം രൂപയാണ് കഴക്കൂട്ടം എസ്.ബി.ഐയിലെ അക്കൗണ്ടിലെത്തിയത്. നെഞ്ചിലെ ട്യൂമർ ചുരുക്കുന്നത് അമേരിക്കയിൽ നിന്നുള്ള മരുന്ന് ഉപയോഗിച്ചാണ്. 14ദിവസം 24മണിക്കൂറും കീമോ നടത്തുകയും വേണം. ഇതിന് വൻ തുക ആവശ്യമാണ്.
വീടും സ്ഥലവും ഉൾപ്പെടെ പണയത്തിലാണെങ്കിലും ഇതുവരെ ആരുടെയും സഹായം അഭ്യർത്ഥിച്ചില്ലെന്നും ഇനിയൊരു അടിപോലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും നന്ദു വീഡിയോയിൽ പറഞ്ഞിരുന്നു. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ സഹായം ലഭിച്ചെന്നും ഇനി ആരും പണം അയയ്ക്കരുതെന്നും ഇന്നലെ ഉച്ചയ്ക്ക് 12.30ന് ഫേസ്ബുക്കിലൂടെ നന്ദു അറിയിച്ചു.
തോൽക്കാത്ത വീര്യം
നാലുവർഷം മുൻപ് ബി.ബി.എ പഠനത്തിനിടെയാണ് ഹരി-ലേഖ
ദമ്പതികളുടെ മകനായ നന്ദുവിന് ഇടത് കാൽമുട്ടിൽ വേദന അനുഭവപ്പെടുന്നത്. തുടർന്നുള്ള പരിശോധനകൾ ആർ.സി.സിയിൽ എത്തിച്ചു. 2018മേയ് ഒന്നിന് നന്ദുവിന്റെ ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റി. ഒരുവർഷം കഴിഞ്ഞപ്പോൾ
ശ്വാസകോശത്തിലും കാൻസർ കോശങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടർന്ന് 2019 ആഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയിൽ ശ്വാസകോശത്തിൽ പാതി മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ ട്യൂമർ പൂർണമായും മാറിയില്ല. വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലെ ടാറ്റാ ആശുപത്രിയിലേക്ക് പോകണമെന്നായിരുന്നു വിദഗ്ദ്ധ അഭിപ്രായമെങ്കിലും ജീവിതസാഹചര്യവും ന്യൂതന ചികിത്സയും കണക്കിലെടുത്ത് കണ്ണൂർ എം.വി.ആർ കാൻസർ സെന്ററിലെത്തി. ഡോ.നാരായണൻകുട്ടി വാര്യരുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകരുടെ സ്‌നേഹമയമായ പരിചരണത്തിലൂടെ കാൻസറിനെ അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് നന്ദു.
'കേരളം എന്നെ സഹായിക്കുകയല്ല, എന്റെ അമ്മയാകുകയാണ്, എല്ലാവർക്കും നന്ദി.'
-നന്ദു