തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിന്റെ ഉന്നതർക്ക് ബന്ധമുണ്ടെന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയ സാഹചര്യത്തിൽ അത് ആരൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രളയദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് ഗൾഫിൽ പോയ മുഖ്യമന്ത്രിയുടെ ടീമിൽ സ്വപ്ന സുരേഷ് എങ്ങന എത്തിയെന്ന് വ്യക്തമാക്കണം. സ്വർണക്കടത്തിലെ ആസൂത്രകരായ സന്ദീപും സരിത്തും ഗൾഫിൽ പലതവണ ഒത്തുചേർന്നതായും വ്യക്തമായി.
മുഖ്യമന്ത്രിക്ക് ഈ തട്ടിപ്പുകളിൽ ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിയാനാവില്ല. പാവങ്ങളുടെ പേര് പറഞ്ഞ് സ്വപ്നയെ പോലുള്ളവർക്ക് കൊള്ള നടത്താനാവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. ലൈഫ് പദ്ധതിയിൽ ഒരു കോടി രൂപ സ്വപ്ന കൈക്കൂലി വാങ്ങിയതിനെപ്പറ്റി അന്വേഷണം ഏതുവരെയായെന്ന് വ്യക്തമാക്കണം. ലൈഫ്പദ്ധതിയിൽ റെഡ്ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ കോപ്പിക്കായി എട്ട് ദിവസം മുമ്പ് കത്ത് നൽകിയിട്ടും തരാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൈലം പുരട്ടിയാൽ സുഗന്ധം വരില്ല
ലോകത്തുള്ള എല്ലാ സുഗന്ധതൈലങ്ങളും ശേഖരിച്ച് പൂശിയാലും സാമ്പ്രാണിത്തിരി കത്തിച്ചാലും ഈ സർക്കാരിന് സുഗന്ധമുണ്ടാവില്ലെന്ന് മന്ത്രി സുധാകരന്റെ പരാമർശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. ചീഞ്ഞുനാറുകയാണ് സർക്കാർ. ഇതെല്ലാം ജനം കണ്ടുകൊണ്ടിരിക്കുന്ന വസ്തുതകളാണ്. ജനവിശ്വാസം കളഞ്ഞുകുളിച്ച സർക്കാരിന് തുടരാൻ അർഹതയില്ലാത്തതിനാലാണ് സഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. വിവാദസ്ത്രീ പറഞ്ഞതനുസരിച്ച് കള്ളക്കടത്ത് കേസ് പ്രതിയുടെ കടയുദ്ഘാടനം ചെയ്ത സ്പീക്കർ സ്ഥാനത്തിന്റെ അന്തസ് കളഞ്ഞുകുളിച്ചതിനാലാണ് അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്നും ചെന്നിത്തല പറഞ്ഞു.