തിരുവനന്തപുരം: കൊവിഡിന്റെ മറവിൽ സർവകലാശാലകളിൽ ഓൺലൈനിലൂടെ 380 അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരള സർവകലാശാലയിൽ ഉയർന്ന യോഗ്യതയുള്ളവരെ അവഗണിച്ച് സി.പി.എമ്മിന്റെ മുൻ എം.പിയുടെ ഭാര്യയ്ക്കുൾപ്പെടെ നിയമനം നൽകി. സംവരണം അട്ടിമറിച്ചും മുൻ സംവരണക്കുറവ് പരിഹരിക്കാതെയുമാണ് കുസാറ്റിലും കാലിക്കറ്റിലും കേരളയിലും നിയമന വിജ്ഞാപനമിറക്കിയത്.
രണ്ട് വർഷമായി സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനം നടക്കുന്നില്ല. യു.ജി.സി മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ ലിസ്റ്റിൽ വേണ്ടപ്പെട്ടവരില്ലാത്തതിനാലാണ് നിയമനപ്രക്രിയ നിറുത്തിവച്ചത്. ഇന്ത്യയിൽ ഫേസ്ബുക്കിനെയും വാട്സാപ്പിനെയും നിയന്ത്രിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന വിവരം ഞെട്ടിക്കുന്നതാണ്. ഇതേക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണം. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തിൽ ജുഡിഷ്യൽ അന്വേഷണം വേണം. പി.എസ്.സി നിയമനങ്ങൾ നടക്കുന്നില്ലെന്ന പരാതികൾ സൃഷ്ടിക്കപ്പെടുന്നതാണെന്ന ചെയർമാന്റെ നിലപാട് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.